'സെൽഫി എടുക്കാറില്ല, ഇതുവരെ എടുത്തിട്ടുമില്ല'; വിവാദ ചിത്രത്തിന് വിശദീകരണവുമായി കണ്ണന്താനം

Published : Feb 17, 2019, 07:32 PM ISTUpdated : Feb 17, 2019, 07:39 PM IST
'സെൽഫി എടുക്കാറില്ല, ഇതുവരെ എടുത്തിട്ടുമില്ല'; വിവാദ ചിത്രത്തിന് വിശദീകരണവുമായി കണ്ണന്താനം

Synopsis

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികൻ വി വി വസന്തകുമാറിന്‍റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം.

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികൻ വി വി വസന്തകുമാറിന്‍റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. വീരമൃത്യു വരിച്ച ജവാന്‍റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന തന്‍റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്ന് കണ്ണന്താനം പറഞ്ഞു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് കണ്ണന്താനം  ഇക്കാര്യം പറഞ്ഞത്. 

സൈനികന്‍റെ മൃതശരീരത്തിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 'ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്‍റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ് '- കണ്ണന്താനം കുറിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.

എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. 

ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും