
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്നതിനിടെ ഇനി ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയുമാണ് കേരളത്തിന് വേണ്ടതെന്ന വിവാദ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളം പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അതിന് പതിനായിരക്കണക്കിന് കോടി രൂപ വേണം. ഇന്ത്യയിലെ എല്ലാവരും ചേര്‍ന്ന് സഹായിക്കണം എന്നു തന്നെയാണ് പറഞ്ഞത്. ഇലക്ട്രീഷ്യന്‍മാരെയും പ്ലംബര്‍മാരെയും മാത്രമാണ് ഇനി വേണ്ടത് എന്ന് പറഞ്ഞിട്ടില്ല.
ആവശ്യമായ സാധനങ്ങളും സൗകര്യവുമാണ് ഒരുക്കേണ്ടതെന്നാണ് പറഞ്ഞത്. നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൈമാറിയിട്ടുണ്ട്. അത് കൃത്യമായി വീടുകളില്‍ കിറ്റുകളായി എത്തിക്കാന്‍ സന്നദ്ധ സേവകരെയാണ് ആവശ്യം. അതിനു മുമ്പ് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണവും കിറ്റുകളായി എത്തിക്കാന്‍ സാധിക്കണം. സര്‍ക്കാറിന് എല്ലായിടത്തും ഇത് എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇവിടെയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യം.
അതേപോലെ വീടുകളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കുന്നവര്‍ക്ക് ആദ്യം ചെയ്യേണ്ടത് വൈദ്യുതി , പാചകവാതക കണക്ഷന്‍ എന്നിവ പുനസ്ഥാപിക്കുക എന്നതാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് ഭക്ഷണ പാകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യമാണ് ഞാന്‍ പറഞ്ഞത്. കേരളത്തിന് പരമാവധി സഹായം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ നിന്ന് കുടിവെള്ള ടാങ്കുകളില്‍ എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നു.
അതിന്‍റെ ആവശ്യം ഇപ്പോള്‍ കേരളത്തിനില്ല. അത്തരത്തില്‍ കൃത്യമായ ആസൂത്രണമില്ലാതെ ലഭിക്കുന്ന സഹായങ്ങള്‍ നമുക്ക് ഉപകരിക്കില്ല. അതുപോലെ പഴകിയ വസ്ത്രങ്ങള്‍ നമുക്ക് ആവശ്യമില്ല. പുതിയ വസ്ത്രങ്ങള്‍ മാത്രമാണ് നമുക്ക് വേണ്ടത്. ഇത്തരത്തില്‍ പഴയ വസ്ത്രങ്ങളടക്കമുള്ളവ കേരളത്തിലേക്ക് തള്ളുന്ന അവസ്ഥ വരരുത് എന്ന് കരുതിയാണ് ഇത്തരം കാര്യങ്ങള്‍ ഞാന്‍ അന്ന് പറഞ്ഞത്. അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam