കേരളത്തിൽ തുടരുന്ന തീവ്ര മഴയിലും പ്രളയത്തിലും മരണസംഖ്യ 12 ആയി ഉയർന്നു, ആറു പേർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു, നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു
തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചു
മഴക്കെടുതിയിൽ സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
കേരളത്തിലെ മഴ സാഹചര്യം
ഓറഞ്ച് അലർട്ട്
02 / 08 / 2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
02 / 08 / 2026 : തിരുവനന്തപുരം, കൊല്ലം
03 / 08 / 2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06 / 08 / 2026 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

