ആലുവ കൊലപാതകത്തിന് പിന്നിലാര്? മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയവർ സിസിടിവിയിൽ

By Web TeamFirst Published Feb 15, 2019, 4:41 PM IST
Highlights

ആലുവ പുഴയിൽ പുതപ്പിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ കട പൊലീസ് കണ്ടെത്തി.

കൊച്ചി: ആലുവയിൽ പുതപ്പിൽ പൊതിഞ്ഞ് കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നിർണായക തെളിവുകൾ. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. 

പുതപ്പ് വാങ്ങിയ കട കണ്ടെത്തിയതാണ് വഴിത്തിരിവായത്. കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയിൽ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴാം തീയതിയാണ് പുതപ്പ് വാങ്ങിയത്. രാത്രിയാണ് രണ്ട് പേ‍ർ പുതപ്പ് വാങ്ങാനെത്തിയത്. ഒരു സ്ത്രീയും പുരുഷനുമെത്തിയാണ് പുതപ്പ് വാങ്ങിയത്. ഇരുവരും മധ്യവയസ്കരായിരുന്നു. ആദ്യം എടുത്ത് നോക്കിയ പുതപ്പ് ചെറിയതാണെന്ന് പറഞ്ഞ് വലിയ പുതപ്പ് ചോദിച്ചുവാങ്ങുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

ആലുവയിൽ പുതപ്പിൽ പൊതിഞ്ഞ് കണ്ടെത്തിയത് ഒരു സ്ത്രീയുടെ മൃതദേഹമാണെന്ന് വ്യക്തമായിരുന്നു. അഞ്ച് ദിവസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് ശാസ്ത്രീയപരിശോധനാഫലത്തിൽ തെളിഞ്ഞിരിക്കുന്നത്. ദൂരെ എവിടെ നിന്നോ കൊലപാതകം നടത്തി കാറിൽ കൊണ്ടുവന്നു തള്ളിയെന്നാണ് വ്യക്തമാവുന്നത്. ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണിപ്പോൾ. 

എന്നാൽ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചന പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതി ഈ അടുത്ത ദിവസങ്ങളിലൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ തുമ്പായി ഉപയോഗിച്ച് അന്വേഷണം മുന്നോട്ടു നീക്കാൻ ശ്രമിക്കുകയാണ് പൊലീസിപ്പോൾ.

കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ചുരിദാറിന്‍റെ പാന്‍റ്ആണ് വായിൽ തിരുകിയിരുന്നത്.

25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതൽ വ്യക്തതക്കായി  ആന്തരിക അവയവങ്ങൾ  ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടത് നഗരവാസിയായ യുവതി ആണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. മൃതദേഹം ആദ്യം കണ്ട മംഗലശ്ശേരി സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ടോടെ കുളിക്കടവിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാർത്ഥികളായിരുന്നു.

click me!