
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ സോമർസെറ്റിലുള്ള ബെൻ ബിഷപ്പ് എന്ന ഫാക്ടറി ജോലിക്കാരന് ഒരു ഹോബിയുണ്ട്. ആ പ്രദേശങ്ങളിലെ കൃഷിയില്ലാത്ത പാടങ്ങൾ ഉഴുതുമറിച്ച് തിരച്ചിൽ നടത്തും. തിരച്ചിൽ നടത്തുന്നതിന് മുമ്പ് പാടത്തിന്റെ ഉടമയുമായി ഒരു കരാറിലെത്തും. വിലപിടിപ്പുള്ള എന്തെങ്കിലും വസ്തു അവിടെ നിന്നും ലഭിക്കുകയാണെങ്കിൽ അത് താൻ സ്വന്തമാക്കും. മിക്ക ഉടമകളും അത് സമ്മതിക്കും. കാരണം വർഷാവർഷം ഉഴുതുമറിച്ച് കൃഷിയിറക്കുന്ന പാടത്ത് നിന്ന് വിലപിടിച്ചതൊന്നും കിട്ടില്ലെന്ന് അവരുറപ്പിക്കും. ഒരുപാട് പാടങ്ങളിൽ ഇത്തരത്തിൽ ബെൻ ബിഷപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. ഗ്ലാൻസ്റ്റൺബറിയിലെ പാടമുടമയോടും ബെൻ ബിഷപ്പ് ഇത്തരമൊരു കരാറിലേർപ്പെട്ടിരുന്നു.
വർഷങ്ങളായി ഈ ഹോബി തുടരുന്നുണ്ടെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നും ബിഷപ്പിന് പാടത്ത് നിന്ന് കിട്ടിയിട്ടില്ല. അങ്ങനെ ഗ്ലാൻസ്റ്റൺ ബറിയിലെ പാടത്തും തിരച്ചിൽ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ് മണ്ണിൽ എന്തോ തിളങ്ങുന്നതായി കണ്ടത്. എടുത്ത് നോക്കിയപ്പോൾ ഒരു സ്വർണ്ണമോതിരം! ബെൻ ബിഷപ്പ് ശരിക്കും അത്ഭുതപ്പെട്ടു. കുറച്ചു നേരം സ്തംഭിച്ച് നിന്നു. കാരണം ഇത്രയും വർഷം അനേകം പാടങ്ങളിൽ തിരഞ്ഞിട്ടും ഇതുവരെ യാതൊന്നും കിട്ടിയിട്ടില്ല. പാടം ഉടമയുമായുള്ള കരാർ അനുസരിച്ച് ഇത് തനിക്ക് സ്വന്തമാക്കാമല്ലോ എന്നായിരുന്നു മറ്റൊരു സന്തോഷം.
മോതിരത്തിന് മുകളിൽ രണ്ട് ഗരുഡൻ തലകൾ കൊത്തിവച്ചിട്ടുണ്ടായിരുന്നു. എന്നാൽ അഞ്ഞൂറ് വർഷം പഴക്കമുള്ള, ലക്ഷങ്ങൽ വില വരുന്ന അപൂർവ്വമോതിരമാണ് തനിക്ക് ലഭിച്ചതെന്ന് ബെൻ ബിഷപ്പ് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ കാലപ്പഴക്കെ തോന്നിച്ചിരുന്നു. മാത്രമല്ല അതിൽ കൊത്തിയിരിക്കുന്ന ഗരുഡൻ തലകൾ മോതിരത്തിന്റെ അപൂർവ്വതയെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ ബെൻ ബിഷപ്പ് മോതിരത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തീരുമാനിച്ചു.
അന്വേഷണങ്ങൾക്കൊടുവിലാണ് 1550-60 കാലഘട്ടങ്ങളിൽ എലിസബത്ത് 1 ന്റെ ഭരണകാലത്തുള്ള മോതിരമായിരുന്നു അത് എന്ന് മനസ്സിലായത്. ബ്രിട്ടീഷ് മ്യൂസിയം പഠനത്തിനായി ഈ മോതിരം ബെന്നിന്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. അവരാണ് മോതിരത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ഈ മോതിരം സൂക്ഷിക്കാൻ മ്യൂസിയങ്ങൾ ഒന്നും തയ്യാറാകാത്തത് കൊണ്ട് ബെന്നിന്റെ കയ്യിലേക്ക് തന്നെ ഈ ആഭരണം തിരിച്ചെത്തിയിരിക്കുകയാണ്.
അടുത്ത വർഷം മോതിരം ലേലത്തിൽ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബെൻ ബിഷപ്പ്. ഏകദേശം ആയിരം പൗണ്ട്, അതാത് ഒൻപത് ലക്ഷം ഇന്ത്യൻ രൂപയാണ് പ്രതീക്ഷിക്കുന്ന വില. പതിനേഴ് ഗ്രാമാണ് ഈ മോതിരത്തിന്റെ തൂക്കം. സെപ്റ്റംബറിലാണ് മോതിരത്തിന്റെ ലേലം. എന്തായാലും പ്രതീക്ഷിക്കാതെ സമ്പന്നനായതിന്റെ സന്തോഷത്തിലാണ് ബെൻ ബിഷപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam