അമ്പലപ്പുഴ ക്ഷേത്രത്തില്‍ കാണാതായത് ഒന്നല്ല, നാല് പതക്കങ്ങള്‍ ? ദേവസ്വം വിജിലന്‍സ് 'പൂഴ്ത്തിയ' റിപ്പോര്‍ട്ട് പുറത്ത്

Published : Nov 18, 2017, 12:12 PM ISTUpdated : Oct 04, 2018, 07:52 PM IST
അമ്പലപ്പുഴ ക്ഷേത്രത്തില്‍ കാണാതായത് ഒന്നല്ല, നാല് പതക്കങ്ങള്‍ ? ദേവസ്വം വിജിലന്‍സ് 'പൂഴ്ത്തിയ' റിപ്പോര്‍ട്ട് പുറത്ത്

Synopsis

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ രത്‌നം പതിച്ച ഒരു പതക്കം കാണാനില്ലെന്ന കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. യഥാര്‍ത്ഥത്തില്‍ ഒന്നല്ല, നാല് പതക്കങ്ങളാണ് കാണാതായത്. ഇക്കാര്യം വ്യക്തമാക്കുന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. 

വിജിലന്‍സ് സെക്യൂരിറ്റി വിഭാഗം ഓഫീസര്‍ എസ്.പി രതീഷ് കൃഷ്ണന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 2017 ഏപ്രില്‍ അവസാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 23 ന് ആണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണപ്പതക്കവും മാലയും നഷ്ടപ്പെട്ട വിവരം പുറത്തായത്. ഏതാണ്ട് 400 വര്‍ഷം പഴക്കമുള്ള പതക്കങ്ങളാണ് നഷ്ടപ്പെട്ടത്. 

ആദ്യം പൊലീസും പിന്നീട് വിജിലന്‍സുമാണ് അന്വേഷണം നടത്തി. തിരുവാഭരണ രജിസ്റ്ററിലെ 24, 26, 28, 29 എന്നീ പതക്കങ്ങളാണ് യഥാര്‍ത്ഥത്തില്‍ നഷ്ടമായത്. പക്ഷേ, പുറത്തുവന്നത് 24 ാം നമ്പറിലെ പതക്കവും മാലയും നഷ്ടപ്പെട്ടു എന്ന് മാത്രമാണ്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍  അപ്രതീക്ഷിതമായി പതക്കം കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരുകേശന്‍, മേല്‍ശാന്തി ബാബുരാജ്, കീഴ്ശാന്തി സന്ദീപ് എന്നിവര്‍ സസ്‌പെഷനിലാണ്.

വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തായതോടെയാണ് ഇനി നാല് പതക്കങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. തുടരന്വേഷണം സ്റ്റേറ്റ് ടെമ്പിള്‍ ആന്‍ഡ് തെഫ്റ്റ് സ്‌ക്വാഡിനു കൈമാറണമെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു. പക്ഷേ, ഒരു പതക്കം കിട്ടിയതോടെ എല്ലാം തീര്‍ന്നെന്ന മട്ടിലായിരുന്നു ദേവസ്വം ബോര്‍ഡ്.

വിജിലന്‍സ് അന്വേഷണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, മേല്‍ശാന്തി, കീഴ്ശാന്തി, പാത്രം തേപ്പ് ലാവണം എന്നിവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനായിരുന്നു ശുപാര്‍ശ. ഇതില്‍ പ്രധാന ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ രഘുനാഥന്‍ നായരെ ഉദ്യോഗക്കയറ്റം നല്‍കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായി ഹരിപ്പാട്ട് നിയമിച്ചു. പാത്രം തേപ്പ് ലാവണ ജീവനക്കാരനായ രാജശേഖരന്‍ പിള്ള മരണമടഞ്ഞു.

സ്വര്‍ണ്ണപ്പതക്കത്തിന്റെ യഥാര്‍ത്ഥ സൂക്ഷിപ്പുകാരായ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് മേല്‍ശാന്തിയെ പതക്കം ഏല്‍പ്പിക്കുന്നത്. ഉപയോഗം കഴിയുമ്പോള്‍ തിരികെ പതക്കം കൈമാറേണ്ട ചുമതല മേല്‍ശാന്തിക്കുണ്ട്. ഇവിടെയുണ്ടായ വീഴ്ചയാണ് പതക്കവും മാലയും നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്. പിന്നാക്കക്കാരാനായ കീഴ്ശാന്തി സന്ദീപിനെ മേലധികാരികളോട് വിവരം പറഞ്ഞില്ലെന്ന കുറ്റം ചുമത്തി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിങ്ങനെ: 

  • തിരുവാഭരണം നഷ്ടപ്പെട്ട വിവരം മേല്‍ശാന്തി പാത്രം തേപ്പ് ലാവണത്തെയും എ.ഒയെയും അറിയിച്ചില്ല.
  • ദേവസ്വം രജിസ്റ്ററിലുള്ള 24, 26,28,29 നമ്പരിലുള്ള സ്വര്‍ണ്ണപതക്കവും മാലയുമാണ് നഷ്ടപെട്ടത്. തിരികെ ലഭിച്ചത് ഒന്നുമാത്രം.
  • സ്‌ട്രോംഗ് റൂമിലെ മൊത്തം തിരുവാഭരണം പരിശോധിച്ച് കാണാതായ മുതലുകള്‍ കണ്ടെടുക്കുന്നതിനായി ഒരാഴ്ച സമയം അനുവദിക്കണം. കണ്ടെടുക്കുന്നില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് എ.ഒ മുരുകേശനെതിരെ നടപടി എടുക്കണം. (എ.ഒ.മുരുകേശനെ പിന്നീട് സസ്‌പെന്റ് ചെയ്തു
    )
  • 41 ജീവനക്കാരില്‍ മൂന്ന് വര്‍ഷത്തിന് മേല്‍ ജോലി നോക്കുന്നതും ഒന്നില്‍ കൂടുതല്‍ തവണ പോസ്റ്റിംഗ് നേടി ജോലിചെയ്യുന്നവരെയും അടിയന്തരമായി സ്ഥലംമാറ്റണം. (നടപടി സ്വീകരിച്ചില്ല)
  • ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡിനെക്കൊണ്ട് അന്വേഷിപ്പിക്കണം. (നടപടി സ്വീകരിച്ചില്ല)


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ