ഇസ്രയേലിലെയും ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായി തിരിച്ചടിച്ചു. ടെഹ്‌റാനിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമായിരിക്കുകയാണ്. 

ടെഹ്റാൻ: അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച് ഇറാൻ. അബുദാബി, റിയാദ്, മനാമ, ദോഹ എന്നിവിടങ്ങളിലെ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇറാൻ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുഎന്‍ സുരക്ഷ കൗൺസിൽ ഇടപെടണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. അതേസസമയം, ഗൾഫിനെ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധവുമായി സൗദി രംഗത്തെത്തി. ആക്രമണത്തെ ശക്തമായി ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. തിരിച്ചടിയിൽ ഉചിതമായ തീരുമാനം ഉടനെന്ന് ബഹ്റൈൻ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പശ്ചിമേഷ്യയില്‍ അശാന്തി പടരുകയാണ്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് വ്യാപക ആക്രമണം നടത്തുകയാണ് ഇറാൻ. യു സ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെ അടക്കം ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് മാറ്റുക. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്ത് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ - ഇസ്രയേൽ മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ രാഷ്ട്ര നേതാക്കളുടെ ഔദ്യോഗിക വസതികൾ അടക്കം ഉന്നമിട്ടു നടന്ന മിസൈൽ ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നു. അമേരിക്കയുമായി ചേർന്നുള്ള മുൻകരുതൽ സൈനിക നടപടിയാണ് തുടങ്ങിയിരിക്കുന്നതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപം ഉഗ്ര സ്‌ഫോടനങ്ങൾ ഉണ്ടായി. അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്താണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്ന് ഇസ്രയേൽ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ തിരിച്ചടി ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് ഇസ്രയേൽ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.

YouTube video player