കെടുകാര്യസ്ഥതയും അഴിമതിയും  പുനലൂര്‍ മൂവാറ്റുപുഴ റോഡിന്‍റെ രണ്ടാംഘട്ടം പണി മുടങ്ങി

By Web DeskFirst Published Nov 18, 2017, 11:49 AM IST
Highlights

മൂവാറ്റുപുഴ: കെഎസ്ടിപിയുടെ കെടുകാര്യസ്ഥതയും കരാറുകാരുടെ അഴിമതിയും കാരണം പുനലൂര്‍ മൂവാറ്റുപുഴ റോഡിന്‍റെ രണ്ടാംഘട്ടം പണി മുടങ്ങി. പുനലൂര്‍ മൂവ്വാറ്റുപുഴ റോ‍‍ഡിന്‍റെ  ആദ്യഘട്ടത്തിലും തിരുവല്ല ബൈപ്പാസ് നിര്‍മ്മാണത്തിലും മാത്രം കണ്ടെത്തിയത് നൂറ് കോടി രൂപയുടെ ക്രമക്കേട്. രണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വിജിലൻസ് അന്വേഷണം നടക്കുകയാണ്.

കെഎസ്ടിപി രണ്ടാംഘട്ടത്തിലെ പ്രധാന പാതയിലൊന്നാണ് പുനലൂർ മൂവ്വാറ്റുപുഴ റോഡ്. 132 കിലോമീറ്റർ പാതയിൽ തൊടുപുഴ മുതൽ പൊൻകുന്നം വരെയുള്ള ആദ്യ റീച്ച് പണിതീര്‍ന്നു. പൊൻകുന്നം മുതൽ പുനലൂർ വരെയാണ് രണ്ടാംഘട്ടം. ശബരിമല തീര്‍ത്ഥാടകര‍്ക്കടക്കം ഏറെ പ്രയോജനപ്പെടുന്ന പാതയുടെ പണി പേരിനൊന്ന് തുടങ്ങിവക്കാൻ പോലും ആയിട്ടില്ല

ആദ്യറീച്ചിലെ രൂപരേഖ അനുസരിച്ച് റോഡ് വീതികൂട്ടാൻ  പൊളിച്ച് മാറ്റേണ്ടിയരുന്നത് 1500 ക്യുബിക് മീറ്റര്‍ പാറ. ഒരു ക്യുബിക് മീറ്റരിന് കരാറുകാരന് കൊടുക്കേണ്ടിയിരുന്നത് 6000 രൂപ. റോഡ് പണി തീര്‍ന്നപ്പോഴേക്കും പൊളിച്ച് മാറ്റിയത് 83000 ക്യുബിക് മീറ്റര്‍ .  55 ഇരട്ടി.  കരാറുകാരന്  അധികം നൽകേണ്ടി വന്നത് 70 കോടി രൂപ. അധിക ചെലവ് മാത്രമല്ല പൊളിച്ച് മാറ്റിയ പാറയുടെ വിപണ സാധ്യത കൂടി നോക്കുന്പോൾ നടന്നത് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്.

കെഎസ്ടിപിയുടെ കെടുകാര്യസ്ഥതയും ഒപ്പം കാരാറുകാരന്റെ അഴിമതിയും വിജലൻസ് അന്വേഷണ പരിധിയിലാണ്. രണ്ടാം ഘട്ടം പണി തുടങ്ങണമെങ്കിൽ രൂപരേഖ തന്നെ മാറ്റണമെന്നും വിശദമായ ഡിപിആര്‍ വേണമെന്നുമാണ് ലോകബാങ്ക് നിലപാട്. പണി പൂര്‍ത്തിയാക്കാൻ വെറും പതിനാല് മാസത്തെ സമയപരിധഝി മാത്രം മുന്നിലുള്ളപ്പോൾ കെഎസ്ടിപിയാകട്ടെ പ്രാഥമിക പ്രവര്‍ത്തനങ്ഹൾ പോലും തുടങ്ങിയിട്ടില്ല. എംസി റോ‍ഡിലെ തിരുവല്ല ബാപ്പാസിന്റെ നിര്‍മ്മാണത്തിലും മുപ്പത് കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടിലും വിജലൻസ് അന്വേഷണം നടക്കുന്നു

പുനലൂര്‍ മൂവ്വാറ്റുപുഴ പാതയുടെ കാലവധി അവസാനിക്കാൻ ഇനി 15 മാസം മാത്രമാണുള്ളത്. രണ്ടാം ഘട്ടത്തിന്‍റെ ടെണ്ടർ നടപടികൾ പോലും തുടങ്ങിയിട്ടില്ല. ടെൻണ്ടർ അനുവദിച്ച് പണി തുടങ്ങിയാൽ പോലും ഒരു വർഷം കൊണ്ട് പണിതീരില്ല. എംസി റോഡിലെ ഗതാഗത കുരുക്കഴിക്കാൻ തിരുവല്ല ബൈപ്പാസും അടുത്തെങ്ങും വരില്ല.  തൃപ്തികരമല്ലാത്ത പദ്ധതിക്ക് കാലാവധി നീട്ടി നൽകാൻ ലോകബാങ്കും തയ്യാറായേക്കില്ല.   ലോകബാങ്ക് ധനസഹായം നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ അധിക സാന്പത്തിക ബാധ്യതയും സര്‍ക്കാറിനെ കാത്തിരിക്കുന്നു.

click me!