ഇനി നൂറ് ഡയല്‍ ചെയ്താല്‍ ഹൈ-ടെക് ആംബുലന്‍സും വരും....

By Web DeskFirst Published Dec 31, 2017, 8:00 AM IST
Highlights

തിരുവനന്തപുരം: തലസ്ഥാനത്തെ നിരത്തുകളില്‍ അപകടം ഉണ്ടായാല്‍ 100 ഡയല്‍ ചെയ്താല്‍ നാളെ മുതല്‍ അത്യാധൂനിക സൗകര്യമുള്ള ആംബലുന്‍സ് എത്തും. അപകടമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐ.എം.എയും കേരള പൊലീസും ചേര്‍ന്നൊരുക്കുന്ന ട്രൈ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം.

ഇനി മുതല്‍ തലസ്ഥാനനഗരയില്‍ അപകടമുണ്ടായാല്‍ അവിടെ നിന്നും  പൊലീസിന്റെ നമ്പറായ  100 ഡയല്‍ ചെയ്താല്‍ മാത്രം മതി. ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് അപകടവിവരം കൈമാറും. സര്‍വ സന്നാഹങ്ങളുമായി  അന്താരാഷ്ട്രനിലവാരമുളള ആംബുലന്‍സുകളും പ്രത്യേക പരിശീലനം നേടിയ ജീവനക്കാരും പാഞ്ഞെത്തും.

24 മണിക്കൂര്‍ സേവനങ്ങളുടെ ഏകോപനത്തിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായിട്ടുണ്ട്. വിദഗ്ധ ചികിത്സകിട്ടുന്ന ഏറ്റവും അടുത്തുളള ആശുപത്രി, ആംബുലന്‍സുകളെ നിരീക്ഷിക്കാന്‍ ട്രാക്കിംഗ് സംവിധാനം തുടങ്ങിയവയെല്ലാം ട്രോമ റസ്‌ക്യൂ യൂണിറ്റിന്റെ പ്രത്യേകതയാണ്. ആറുമാസം കൊണ്ട് കൊച്ചിയുള്‍പ്പെടെയുളള നഗരങ്ങളിലേക്കും ട്രായ്  എത്തും. ചികില്‍സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചതോടെയാണ്   സമഗ്ര ട്രോമ കെയര്‍ സംവിധാനമെന്ന ആവശ്യം ശക്തമായത്.
 

click me!