പ്രധാനമന്ത്രിയുടെ 'ആ വാക്കുകള്‍' ഹൃദയത്തില്‍ നിന്ന് വന്നതെന്ന് അമിത് ഷാ

By Web TeamFirst Published Oct 6, 2018, 6:07 PM IST
Highlights

2003 മുതല്‍ ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. എന്നാല്‍, ഇത്തവണ ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വം ഇറങ്ങുന്ന ബിജെപിക്ക് കാര്യങ്ങള്‍ അത്ര നിസാരമാകില്ലെന്നാണ് വിലയിരുത്തല്‍

ഭോപ്പാല്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വന്നതായിരുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

ഈ വാക്കുകള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്ന് വന്നതാണെന്നാണ് അമിത് ഷാ പറയുന്നത്. മധ്യപ്രദേശില്‍ ഉജ്ജെയിന്‍ സംഭാഗ് കിസാന്‍ സമ്മേളനത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രസംഗം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷാ ഇപ്പോള്‍ മധ്യപ്രദേശിലാണ്.

മഹാ ജനസമ്പര്‍ക്ക് അഭിയാന്‍ എന്ന പേരില്‍ രാജവാഡയില്‍ ബിജെപിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയും അമിഷ് ഷാ തുടക്കം കുറിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. 2003 മുതല്‍ ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. എന്നാല്‍, ഇത്തവണ ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വം ഇറങ്ങുന്ന ബിജെപിക്ക് കാര്യങ്ങള്‍ അത്ര നിസാരമാകില്ലെന്നാണ് വിലയിരുത്തല്‍.

click me!