കര്‍ണാടകയിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് അമിത് ഷാ

By Web deskFirst Published Jan 10, 2018, 5:00 PM IST
Highlights

ബംഗളുരു: കര്‍ണാടക സര്‍ക്കാരിനെ ഹിന്ദു വിരുദ്ധരെന്ന് വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സിദ്ധരാമയ്യ സര്‍ക്കാര്‍ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇന്ത്യ വിരുദ്ധ സംഘടനയായ എസ്ഡിപിഐയ്‌ക്കെതിരായ എല്ലാ കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും ഷാ ആരോപിച്ചു.

ബംഗളുരുവില്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ അഞ്ച് എസ്ഡിപിഐ നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 ആര്‍എസ് എസ് പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. കൊലപാതകങ്ങള്‍ അവസാനിക്കണം. ഈ സര്‍ക്കാര്‍ ഇനി അധികനാള്‍ ഭരിക്കില്ല. ബിജെപി അധികാരത്തിലെത്തുകയും കൊലപാതകികളെ ജയിലിലടയ്ക്കുകയും ചെയ്യുമെന്നും അമിത് ഷാ റാലിയില്‍ പറഞ്ഞു. 

നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍, സംസ്ഥാനം തിരിച്ച് പിടിയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗളുരുവില്‍ നടന്ന റാലിയില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ആദിത്യനാഥും സിദ്ധരാമയ്യയും തമ്മില്‍ വാഗ്വാദം നടന്നു. ബിജെപി പരിവര്‍ത്തന യാത്രയുടെ അവസാന ദിനമായ ജനുവരി 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കര്‍ണാടകയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുല്‍ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്ന് നേരത്തേ യേഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നത്' റാലിയില്‍ സിദ്ധരാമയ്യയ്ക്ക് നേരെ യോഗി ആദിത്യനാഥ് ആരോപണമുന്നയിച്ചിരുന്നു.  

സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിനന്റെ വക്താവാകുന്നതെന്ന് യോഗി ആദിത്യനാഥ് ചോദ്യത്തിന് തനിയ്ക്ക് കഴിക്കണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. താന്‍ എന്ത് കഴിക്കണമെന്ന് എന്തിന് അവര്‍ പറയണമെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു.
 

click me!