വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ടു. കുടുംബത്തിൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കൂ എന്ന നിലപാടിലാണ് കുടുംബം.

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തിൽ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, നാളെ മന്ത്രിയുമായി ചർച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തിൽ നിന്ന് കുടുംബം പിന്മാറിയത്. ഇവർ മുന്നോട്ട് വെച്ച മറ്റെല്ലാ ആവശ്യങ്ങളിലും സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രധാന തീരുമാനങ്ങൾ:

  • എസ്ഐടി അന്വേഷണം: കൊലപാതക കേസ് അന്വേഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കും.
  • കർശന വകുപ്പുകൾ: കേസിൽ ആൾക്കൂട്ട കൊലപാതകം (Mob Lynching), പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമം (Atrocities Act) എന്നീ വകുപ്പുകൾ ഉൾപ്പെടുത്താൻ കളക്ടറുമായുള്ള ചർച്ചയിൽ ധാരണയായി.
  • ധനസഹായം: കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി.

ധനസഹായം എത്രയെന്നതിൽ അനിശ്ചിതത്വം

ധനസഹായം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ ധാരണയാകാത്തതിനെത്തുടർന്ന് കുടുംബം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധം തുടർന്നിരുന്നു. എന്നാൽ സബ് കളക്ടർ അഖിൽ വി. മേനോൻ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നാളെ വീണ്ടും യോഗം ചേരും. കുടുംബാംഗങ്ങളും സമരസമിതി അംഗങ്ങളും ഈ ചർച്ചയിൽ പങ്കെടുക്കും. മന്ത്രിയുമായുള്ള ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ബന്ധുക്കൾ. അതുവരെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിക്കും.