
ദില്ലി: കേരള രാഷ്ട്രീയത്തിൽ കാതലായമാറ്റം ഉന്നംവെച്ച് ശബരിമല പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ ബിജെപി അദ്ധ്യക്ഷൻ അമിത്ഷായുടെ നിര്‍ദ്ദേശം. അമിത്ഷായുമായി ദില്ലിയിൽ പി.എസ്. ശ്രീധരൻപിള്ള കൂടിക്കാഴ്ച നടത്തി.
അയോദ്ധ്യ പോലെ വലിയ രാഷ്ട്രീയ മുന്നേറ്റ സാധ്യതയാണ് ശബരിമല പ്രക്ഷോഭത്തിലൂടെ ബി.ജെ.പി ദേശീയ നേതൃത്വം കാണുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള നിര്‍ദ്ദേശം ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ പി.എസ്.ശ്രീധരൻ പിള്ളക്ക് പാര്‍ട്ടി അദ്ധ്യക്ഷൻ അമിത്ഷാ നൽകി. ആചാര സംരക്ഷണത്തിനായി ബി.ജെ.പി എടുക്കുന്ന നിലപാടിനൊപ്പം വിശ്വാസികളായ ഹിന്ദുക്കളെ ഒന്നിപ്പിക്കണം. ഇപ്പോഴത്തെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തി ശബരിമലയെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചയാക്കി മാറ്റണം. കേരളത്തിൽ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ശബരിമല പ്രക്ഷോഭം വ്യാപിപ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് അമിത്ഷാ ശ്രീധരൻപിള്ളയെ അറിയിച്ചു.
ശബരിമല വിഷയത്തിൽ ഇതുവരെ നടത്തിയ നീക്കങ്ങൾ വലിയ വിജയമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇതോടൊപ്പം ലക്ഷ്യം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതാക്കൾ നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam