
കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിനിമയിലെ വനിത കൂട്ടായ്മയായ ഡെബ്ള്യു.സി.സിയുടെ പ്രതിനിധികളുമായി അമ്മ ഭാരവാഹികൾ കൊച്ചിയിൽ ചർച്ച നടത്തി. ഗുണപരമായ ചർച്ചകളാണ് നടന്നതെന്നും, ചർച്ച തുടരുമെന്നും ഡെബ്ള്യു.സി.സി അംഗങ്ങൾ അറിയിച്ചു. അമ്മയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് നീങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
അംഗങ്ങളായ രേവതി,പാർവതി,പദ്മപ്രിയ എന്നിവർ നൽകിയ പ്രതിഷേധ കത്തിനെ കുറിച്ചും ഷമ്മി തിലകൻ, ജോയ് മാത്യു എന്നിവർ ഉന്നയിച്ച പ്രശ്നങ്ങളും ചർച്ച ചെയ്യാനാണ് താരസംഘടയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. മൂന്നു നടിമാരുമായി ആദ്യം ചർച്ച നടത്തി. ഒരു മണിക്കൂർ നീണ്ട അമ്മ എക്സിക്യൂട്ടിവിന് ശേഷമായിരുന്നു നടിമാരുമായുള്ള രണ്ടരമണിക്കൂർ ചർച്ച. ഇതിനുശേഷം ഇരുകൂട്ടരും ചേർന്ന് മാധ്യമങ്ങളെ കണ്ടു.
പിന്നീട് ഷമ്മി തിലകൻ, ജോയ് മാത്യു എന്നിവരെയും യോഗത്തിൽ വിളിച്ചു വരുത്തി.
ഡെബ്ള്യു.സി.സി അംഗങ്ങളുമായുള്ള ചർച്ച തുടരുമെന്ന് യോഗത്തിനു ശേഷം പ്രസിഡൻറ് മോഹൻലാൽ പറഞ്ഞു. ഹണി,രചന എന്നിവർ ആക്രമിക്കപ്പെട്ട നടിയെ സഹായിക്കാൻ ആണ് ശ്രമിച്ചത്. ഹർജി നൽകണമെന്ന് ഇവരോട് നേരിട്ട് പറഞ്ഞിട്ടില്ല. ഏതൊക്കെ രീതിയിൽ നടിയെ സഹായിക്കാൻ പറ്റും എന്ന് നോക്കാനാണ് 'അമ്മ അവരോട് പറഞ്ഞതെന്നും മോഹൻലാൽ പറഞ്ഞു. ഹൈക്കോടതിയിലെ ഹർജി പിൻവലിക്കുന്ന കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ചു ചെയ്യും.
ദിലീപിന്റെ തിരിച്ചു വരവ് ഇന്നത്തെ യോഗത്തിൽ ചർച്ച ആയില്ലെന്ന് മോഹൻലാൽ പറഞ്ഞു. രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചശേഷം തീരുമാനിക്കും. ഡെബ്ള്യു.സി.സി ഉന്നയിച്ച കാര്യങ്ങൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. 'അമ്മ സംഘടനയുടെ ഭരണഘടനാ കാലോചിതമായി പുതുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ചർച്ച തടരുമെന്നും രണ്ടു ദിവസത്തിനുള്ളിൽ ഔദ്യോഗിക തീരുമാനം അറിയിക്കുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ടെന്നും പാർവതി പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിലും ചർച്ച ചെയ്തു എന്നത് തന്നെ വലിയ കാര്യമാണെന്ന് ജോയ് മാത്യു പ്രതികരിച്ചു. തിലകൻ വിജയിച്ച ദിവസം ആണെന്നും തിലകന്റെ കാര്യത്തിൽ അന്ന് 'അമ്മ സംഘടനാ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയതു കൊണ്ടാകാം തിരുത്താൻ തയ്യാറായതെന്നും ഷമ്മിതിലകൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam