'പുരുഷനെ പ്രസവിച്ച സ്ത്രീക്ക് ശബരിമലയില്‍ കയറാനാകില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ?'; അമൃതാനന്ദമയിയുടെ മുന്‍നിലപാട് ചര്‍ച്ചയാകുന്നു

By Web TeamFirst Published Jan 22, 2019, 1:28 PM IST
Highlights

''പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷന് കയറാം, പ്രസവിച്ച സ്ത്രീക്ക് കയറാനാകില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്‍പ്പം.'' ഇതായിരുന്നു അമൃതാനന്ദമയി 2007 ലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മാതാ അമൃതാനന്ദമയിയുടെ മുൻനിലപാടും ഇപ്പോഴത്തെ നിലപാടും ചർച്ചയാകുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് അധർമ്മമാണെന്നായിരുന്നു അമൃതാനന്ദമയിയുടെ മുൻനിലപാട്. 2007 ൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇവർ ഇപ്രകാരം പറഞ്ഞത്.

എന്നാൽ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സുപ്രീംകോടതി വിധി ദൗർഭാ​ഗ്യകരമായി എന്നായിരുന്നു കഴിഞ്ഞ ദിവസം പുത്തരിക്കണ്ടം മൈതാനത്ത് മാതാ അമൃതാനന്ദമയി പ്രസം​ഗിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം അമ്മ എന്ന തലക്കെട്ടോടെയാണ് അന്ന് പ്രമുഖ മാധ്യമങ്ങൾ ഈ വാർത്താ സമ്മേളനത്തിന്റെ റിപ്പോർട്ട് ചെയ്തത്.

''പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷന് കയറാം, പ്രസവിച്ച സ്ത്രീക്ക് കയറാനാകില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്‍പ്പം. ആദ്യകാലത്ത് മലയും കാടും മൃഗങ്ങളുമൊക്കെയുള്ള സ്ഥലത്തു പോകാനുള്ള പ്രയാസം കൊണ്ടായിരിക്കാം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാതിരുന്നത്. ഇന്നത്തെ മാറിയ സ്ഥിതിയില്‍ മാറ്റം നല്ലതാണ്. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് എന്റെ സങ്കല്‍പ്പം.'' ഇതായിരുന്നു അമൃതാനന്ദമയി 2007 ലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 

എന്നാൽ തലമുറകളായി നടന്നിരുന്ന ക്ഷേത്രസങ്കൽപങ്ങൾ പാലിക്കപ്പെടണം എന്നും പ്രതിഷ്ഠാ സങ്കൽപങ്ങളെ അവ​ഗണിക്കുന്നത് ശരിയല്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം അമൃതാനന്ദമയി പറഞ്ഞത്. പഴയ നിലപാടിൽ നിന്ന് മാതാ അമൃതാനന്ദമയി മലക്കം മറിഞ്ഞു എന്ന അഭിപ്രായത്തോടെയാണ് ഇപ്പോഴത്തെ നിലപാട് ചർച്ചകൾക്കും വിവാദങ്ങൾക്കും വിധേയമാകുന്നത്. 
 

click me!