
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുന്ന ലോബികള്‍ രോഗികളില്‍ നിന്നും, കൂട്ടിരിപ്പുകാരില്‍ നിന്നും ആംബുലന്‍സ് അധികൃതരില്‍ നിന്നും കമ്മീഷന്‍ ഇനത്തില്‍ ആയിരങ്ങള്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായി പരാതി. അപകടത്തില്‍പ്പെട്ടോ, അസുഖം ബാധിച്ചോ അത്യാസന്ന നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നവരെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഈ ഘട്ടത്തിലാണ് രോഗികളെ സഹായിക്കാനെന്ന വ്യാജേന കമ്മീഷന്‍ ഏജന്റുമാര്‍ ഒപ്പം കൂടുന്നത്.
ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കാമെന്ന് പറഞ്ഞ് ഒപ്പം കൂടുന്നവര്‍ മറ്റ് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആംബുലന്‍സ് വരുത്തി രോഗികളെ പറഞ്ഞയക്കാറാണ് പതിവ്. ഇങ്ങനെ ആശുപത്രിയിലെത്തിക്കുന്നവരില്‍ നിന്നും അമിതമായി പണം ഈടാക്കുന്ന ആംബുലന്‍സ് ജീവനക്കാര്‍ തിരികെ എത്തുമ്പോള്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ കൈമാറും.
10 മുതല്‍ 20 ശതമാനം വരെയാണ് ഏജന്റുമാരുടെ കമ്മീഷന്‍. ഈ തുക ഏജന്റുമാര്‍ക്ക് നല്‍കുന്നതിന് രോഗികളില്‍ നിന്നോ, ഒപ്പമുള്ളവരില്‍ നിന്നോ കൂടുതലായി ആംബുലന്‍സ് ജീവനക്കാര്‍ പണം കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ തമ്പടിക്കുന്ന ചില ആംബുലന്‍സ് ഡ്രൈവര്‍മാരടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ പണം കൈപ്പറ്റുന്നത്.
സ്ഥിരമായി ആശുപത്രി വളപ്പില്‍ തമ്പടിക്കുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ ബന്ധുക്കളെ സ്വാധീനിച്ച് ഇവിടെ ഡോക്ടര്‍മാരില്ലെന്നും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോകുന്നതാണ് നല്ലതെന്നും പറയും. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ആശുപത്രിക്കുള്ളില്‍ കടക്കുന്ന ഇയ്യാള്‍ അനാവശ്യമായി ബഹളം വച്ച് ഡോക്ടര്‍മാരോടും, ജീവനക്കാരോടും തട്ടിക്കയറും. ഇതോടെ തങ്ങള്‍ക്ക് നല്ല ചികിത്സ കിട്ടെല്ലെന്ന തോന്നലില്‍ രോഗിയും കൂടെ വരുന്നവരും മറ്റ് ആശുപത്രികളിലേക്ക് പോകാന്‍ തയ്യാറാകും.
സംഭവമറിഞ്ഞ് മറ്റ് ആളുകള്‍ കൂടുന്നതോടെ ആശുപത്രിക്കും, ആരോഗ്യ വകുപ്പിനുമെതിരെ ബഹളം വെക്കുകയും പതിവാണ്. ഈ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ തയ്യാറാകുന്നവരോട് ഏത് ആശുപത്രിയില്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുന്നതും, അതിനായി ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയുമാണ് ഏജന്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആംബുലന്‍സ് ജീവനക്കാരില്‍ നിന്നും, രോഗികളില്‍ നിന്നും ഇയാള്‍ കമ്മീഷന്‍ കൈപ്പറ്റുന്നത് പതിനായിരങ്ങളാണ്. വ്യാപകമായ പരാതിയെ തുടര്‍ന്ന് എയിഡ്‌പോസ്റ്റ് പോലീസ് താക്കീത് നല്‍കി വിട്ട ഏജന്റ് വീണ്ടും ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam