തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം ന​ഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രിയെക്കൊണ്ട് പുറത്തിറക്കുമെന്നായിരുന്നു ബിജെപിയുടെ വാ​ഗ്ദാനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയതിന് പിന്നാലെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി ഞാനൊരു വാക്ക് പറയട്ടെ "ബ്ലുപ്രിന്റ്"..! എന്ന കുറിപ്പോടെയാണ് അദ്ദേഹം ബിജെപിയെ പരിഹസിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം ന​ഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രിയെക്കൊണ്ട് പുറത്തിറക്കുമെന്നായിരുന്നു ബിജെപിയുടെ വാ​ഗ്ദാനം. എന്നാൽ പ്രധാനമന്ത്രിയെത്തിയെങ്കിലും ബ്ലൂ പ്രിന്റ് പുറത്തിറക്കിയില്ല. ഇതിനെയാണ് മന്ത്രി വിമർശിച്ചത്.

അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു.