വെള്ളാപ്പള്ളിയെ ബിജെപി പാളയത്തിലേക്ക് എറിഞ്ഞുകൊടുക്കാതെ പിടിച്ചു നിർത്തുന്നതിൽ തെറ്റില്ല: ആനത്തലവട്ടം

By Web TeamFirst Published Feb 25, 2019, 10:26 PM IST
Highlights

വെള്ളാപ്പള്ളിക്കെതിരായി മൈക്രോ ഫിനാൻസ് തട്ടിപ്പുകേസുകൾ ഉണ്ടെന്നത് ശരിയാണ്. ആ കേസുകളെല്ലാം നിലനിൽക്കും. എന്നുകരുതി മറ്റു ബന്ധങ്ങൾ ഇല്ലാതാകില്ലെന്ന് ആനത്തലവട്ടം ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. കേസ് കേസിന്‍റെ വഴിക്കുപോകും. വെള്ളാപ്പള്ളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കാണുന്നതിൽ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. വെള്ളാപ്പള്ളിക്കെതിരായി മൈക്രോ ഫിനാൻസ് തട്ടിപ്പുകേസുകൾ ഉണ്ടെന്നത് ശരിയാണ്. ആ കേസുകളെല്ലാം നിലനിൽക്കും. എന്നുകരുതി മറ്റു ബന്ധങ്ങൾ ഇല്ലാതാകില്ലെന്നും ആനത്തലവട്ടം ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. കേസ് കേസിന്‍റെ വഴിക്കുപോകും. വെള്ളാപ്പള്ളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. നിരപരാധിയാണെങ്കിൽ കുറ്റവിമുക്തനാകുമെന്നും ആനത്തലവട്ടം ആനന്ദൻ കൂട്ടിച്ചേർത്തു.

2019ലെ ഏറ്റവും വലിയ ഫാസിസ്റ്റുകൾ ബിജെപിയാണ്. അവർക്കെതിരെ അണിനിരത്താവുന്ന പുരോഗമന മതേതര നിലപാടുകളെടുക്കുന്ന എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും വ്യക്തികളെയും കൂടെക്കൂട്ടുക എന്നാണ് സിപിഎമ്മിന്‍റെ നയം. വെള്ളാപ്പള്ളി ശരിയല്ലാത്ത നിലപാടുകൾ എടുത്തിട്ടുണ്ട്. എന്നാൽ വലിയ അപകടം ആരാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് ആനത്തലവട്ടം പറഞ്ഞു. വെള്ളാപ്പള്ളിയെ ബിജെപി പാളയത്തിലേക്ക് എറിഞ്ഞുകൊടുക്കാതെ ഇപ്പുറത്ത് പിടിച്ചു നിർത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

പിൽഗ്രിം ടൂറിസം പദ്ധതി നടപ്പാക്കുന്ന കണിച്ചുകുളങ്ങര ദേവസ്വത്തിന്‍റെ ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ കണ്ടത്. ആ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സന്ദർശിച്ചത് എസ്എൻഡിപി യോഗത്തിന്‍റെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ലെന്നും ആനത്തലവട്ടം വിശദീകരിച്ചു.

പിൽഗ്രിം ടൂറിസത്തിനായി കണിച്ചുകുളങ്ങര ദേവസ്വത്തിന് തുക വകയിരുത്തിയത് വർഗ്ഗീയ പ്രീണനമാണെന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്‍റെ ആരോപണത്തെ ആനത്തലവട്ടം പ്രതിരോധിച്ചത് ഇങ്ങനെ. കണിച്ചുകുളങ്ങര ദേവസ്വത്തിന് സർക്കാർ സഹായം വകയിരുത്തിയപ്പോൾ നിയമസഭയിൽ ഉണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങൾ ആരും എതിർത്തിട്ടില്ല. വർഗ്ഗീയ പ്രീണനമാണെങ്കിൽ കോൺഗ്രസ് എംഎൽഎമാർ എതിർക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് ആനത്തലവട്ടം ചോദിച്ചു. ശിവഗിരിക്ക് സർക്കാർ സഹായം നൽകിയിട്ടില്ല എന്ന കോൺഗ്രസിന്‍റെ വാദം തെറ്റാണെന്നും ശിവഗിരിക്കും ധനസഹായം കൊടുത്തിട്ടുണ്ടെന്നും ഇനിയും കൊടുക്കുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

click me!