
തിരുവനന്തപുരം: കോഴിക്കോട് മാൻഹോളിൽ വീണ് നൗഷാദ് മരിച്ചപ്പോൾ പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ 'മതഭ്രാന്തൻ' എന്നാണ് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. പ്പോൾ അങ്ങേരുടെ ഭ്രാന്ത് മാറിയോ എന്ന് പിണറായി വിജയൻ പറയണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. ആണത്തവും പൗരുഷവുമുണ്ടെങ്കിൽ പിണറായി വെള്ളാപ്പള്ളിയെപ്പറ്റി പറഞ്ഞതൊന്നും മാറ്റിപ്പറയരുതെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ന്യൂസ് അവർ ചർച്ചക്കിടെ ആയിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം.
പിണറായി വിജയൻ എഴുതിയ പുസ്തകത്തിൽ വെള്ളാപ്പള്ളി നടേശനെ 'ജാതിക്കോമരം' എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ വെള്ളാപ്പള്ളി ജാതിക്കോമരം അല്ലേയെന്നാണ് ഉണ്ണിത്താന്‍റെ അടുത്ത ചോദ്യം. എസ്എൻഡിപിയോഗം ഒരു ചന്ദനമരം ആണെന്നും അതിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വിഷപ്പാമ്പാണ് വെള്ളാപ്പള്ളിയെന്നും സുകുമാർ അഴീക്കോട് വിശേഷിപ്പിച്ചപ്പോൾ അതിനെ പിന്തുണച്ചയാളാണ് പിണറായി വിജയൻ. ഇപ്പോൾ വെള്ളാപ്പള്ളി വിഷപ്പാമ്പല്ലാതെ ആയോയെന്നും ഉണ്ണിത്താൻ ചോദിച്ചു.
'തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാലത് ശുദ്ധമാകും' എന്നൊരു ചൊല്ലുണ്ട്. ഇവിടെ പൗലോസ് പിണറായി വിജയനാണ്. എൻഎസ്എസിനെ പിണറായി കൊണ്ടുനടക്കുമ്പോൾ വളരെ നല്ലതാണെന്നും അവർ പിണറായിയെ തള്ളിപ്പറയുമ്പോൾ മോശക്കാരാകുമെന്നും ഉണ്ണിത്താൻ പരിഹസിച്ചു. പിണറായി വിജയൻ നവോത്ഥാന നായകനാകാനുള്ള ശ്രമത്തിലാണ്. പക്ഷേ കാക്ക കുളിച്ചാൽ കൊക്കാകില്ല. നവോത്ഥാനം പറഞ്ഞ് സാമുദായിക രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങാൻ പിണറായിക്ക് നാണമില്ലേയെന്നും ഉണ്ണിത്താൻ ചോദിച്ചു.
പശ്ചിമബംഗാളിൽ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം കാലണ വിൽക്കില്ല. ത്രിപുരയിൽ കൈനീട്ടം പോലും വിൽക്കില്ല. അതുകൊണ്ട് സാമുദായിക പ്രീണനം നടത്തി കേരളത്തിൽ പിടിച്ചുനിൽക്കാനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിനിടയിലാണ് പെരിയയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. കേരളം മുഴുവൻ ബിജെപിയുടെ ഹെലികോപ്റ്ററിൽ നടന്ന് ബിജെപിക്ക് വോട്ടുചോദിച്ച വെള്ളാപ്പള്ളിയെയാണ് പിണറായി ലാഘവത്തോടെ കൂടെക്കൂട്ടുന്നത്. ഇങ്ങനെ പോയി ന്യൂസ് അവറിൽ പിണറായിക്കെതിരായ ഉണ്ണിത്താന്‍റെ പരിഹാസ ശരങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam