
ഡോക്ടർ അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ.സൈനികൻ, ഡോക്ടർ, പൈലറ്റ്, ആസ്ട്രനോട്ട്.ഒറ്റപ്പാലത്തുകാരൻ കെ.പി.ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻകാരി എലിസബത്ത് സമോയ്‍ലെൻകോയുടെയും മകൻ.അസാമാന്യ മികവുള്ള ഒരു പാതി മലയാളി. ജൂലൈ പതിനാലാം തീയതി കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സൊയൂസ് എംഎസ് 29 പേടകം കുതിച്ചുയരുമ്പോൾ ഫ്ലൈറ്റ് എഞ്ചിനിയറുടെ സീറ്റിൽ അനിലുണ്ടാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം മടക്കം അടുത്ത വർഷം ഏപ്രിലിൽ. ബഹിരാകാശനിലയത്തിലെ എക്സ്പെഡിഷൻ 74ൻ്റെ ഭാഗമാകാനാണ് യാത്ര.
ആ എട്ട് മാസത്തിനായുള്ള അനിലിന്റെ തയ്യാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനനം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം, മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ്, അമേരിക്കൻ വ്യോമസേനയിൽ കേണൽ, സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനം ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണം. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ. അതും കഴിഞ്ഞ്സ നാസയിൽ ഫ്ലൈറ്റ് സർജനായി, പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ ഫ്ലൈറ്റ് സർജൻ. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി. 2021 നാസയുടെ നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിൽ. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനം ഇദ്ദേഹം നടത്തും. അനിലിൻ്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. സ്പേസ് എക്സുമായി ചേർന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നടത്തിയ ഇൻസ്പിരേഷൻ ഫോർ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളുണ്ട്. ആർട്ടെമിസിലൂടെ ചാന്ദ്ര ദൗത്യങ്ങൾ സജീവമാകുമ്പോൾ അനിലും അന്നയും ഇനിയും ബഹിരാകാശ യാത്ര നടത്തും.രണ്ടിലൊരാളെങ്കിലും ചന്ദ്രനിലിറങ്ങാനും സാധ്യത ഏറെയാണ്. കാത്തിരിക്കാം മലയാളിയുടെ ലിഫ്റ്റ് ഓഫിനായി. ഇന്ത്യൻ സമയം വൈകിട്ട് 8.17നാണ് പറക്കുന്നത്. ഡോക്കിങ്ങിൻ്റെയും വിക്ഷേപണത്തിൻ്റെയും തത്സമയ സംപ്രേക്ഷണത്തിനുമായി നമുക്ക് കാത്തിരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam