
പാലക്കാട്: മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഡ്രൈവറെ നിയമച്ചതിനെതിരെ യൂത്ത്കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ ആണ് രംഗത്തെത്തിയത്. മുണ്ടൂരിലെ ഡിവൈഎഫ്ഐ നേതാവ് നിതിനെയാണ് ഡ്രൈവറായി നിയമിച്ചതെന്നാണ് ആരോപണം. സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് സതീഷ് തിരുവാലത്തൂർ ഫേസ്ബുക്ക് പോസ്‌റ്റിൽ താക്കീത് നൽകി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് നിതിൻ എന്ന് മന്ത്രി കെ തുളസി പ്രതികരിച്ചു.
അതേസമയം, വിഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖിൽ പൈലി വ്യക്തമാക്കി. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം. 10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെഎസ്‍യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam