
കൊച്ചി: റിയാസ് കോമുവിനെതിരായ മീ ടു ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് പൂർണ്ണ പിന്തുണയെന്ന് അനിതാ ദുബെ. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ കുറേറ്ററാണ് അനിതാ ദുബെ. റിയാസ് കോമുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ തിരുത്തൽ നടപടിയെന്നും അനിത ദുബെ
വ്യക്തമാക്കി.
റിയാസ് കോമുവിന് പകരം ബിനാലെ നിർവാഹക സമിതി അംഗമായ വി സുനിലിനാണ് ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചർച്ച ചെയ്യാൻ ഈ മാസം തന്നെ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ചലച്ചിത്ര താരം സഞ്ജന കപൂർ, എഴുത്തുകാരൻ എൻ എസ് മാധവൻ, മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങൾ. ഇവരെയെല്ലാവരെയും പങ്കെടുപ്പിച്ച് ഈ മാസം ഇരുപത്തിയെട്ടിന് കൊച്ചിയിൽ അടിയന്തര യോഗം ചേരും. യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച പരാതിയായതിനാൽ വനിതാ അംഗങ്ങളുടെ തിരുമാനത്തിന് പ്രാമുഖ്യം നൽകും.
ഗുരുതര ആരോപണമായതിനാൽ മുഴുവൻ അംഗങ്ങളുടെയും നിലപാടുകൾ അറിഞ്ഞ ശേഷം റിയാസ് കോമുവിന് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് നീക്കം. കൊച്ചി ബിനാലെക്കിടെ അപമര്യാദയായി പെരുമാറിയെന്ന ചിത്രകലാ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ റിയാസ് കോമുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബിനാലെ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആരോപണങ്ങൾ യാതൊരു തരത്തിലും ബിനാലെയെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam