സന്നിധാനത്ത് വീണ്ടും തീര്‍ത്ഥാടകയെ തടഞ്ഞു; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് പ്രതിഷേധം; സ്ത്രീ ആശുപത്രിയിൽ

By Web TeamFirst Published Oct 21, 2018, 12:33 PM IST
Highlights

ശബരമല സന്നിധാനത്ത് വീണ്ടും തീര്‍ത്ഥാടകയായ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞുവച്ചത്. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്ധ്ര സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സന്നിധാനം: ശബരമല സന്നിധാനത്ത് വീണ്ടും തീര്‍ത്ഥാടകയായ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് ആന്ധ്രസ്വദേശിയായ ബാലമ്മ എന്ന സ്ത്രീയെയാണ് തടഞ്ഞുവച്ചത്. പ്രായം തെളിയിക്കുന്ന രേഖ കാണിക്കണമെന്നാവശ്യപ്പെട്ടാണ് നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നത്. 47 വയസ്സേ ഉള്ളൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പൊലീസെത്തി ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെയും ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. എന്നാല്‍ ഇവര്‍ക്ക് അമ്പത് വയസ്സ് പിന്നിട്ടിരുന്നു. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പൊലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം പടി കയറി ദർശനം നടത്തിയത്.

ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ തെലങ്കാനയിൽ നിന്നുള്ള രണ്ട് സ്ത്രീകളും പമ്പയിലെത്തിയിരുന്നു. ഗുഡൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഇവർ പമ്പയിൽ നിന്ന് അമ്പത് മീറ്റ‍ർ‍ മുന്നോട്ടു പോയപ്പോൾത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തട‌ഞ്ഞു. ഇതേ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ താല്‍പര്യം ഇല്ലെന്ന് വ്യക്തമാക്കി ഇവര്‍ തിരിച്ചുപോയി.

click me!