ശബരിമലയിലെത്തിയ യുവതിയെയും കുടുംബത്തെയും തിരിച്ചയച്ചു

By Web TeamFirst Published Nov 6, 2018, 6:38 AM IST
Highlights

പൊലീസുമായുള്ള ചർച്ചകൾക്കിടെ സന്നിധാനത്തേക്കില്ലെന്ന് യുവതി നിലപാടെടുത്തെങ്കിലും ഭർത്താവ് വഴങ്ങിയില്ല. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു

പമ്പ: ശബരിമല ദർശനത്തിനെത്തിയ യുവതിയേയും കുടുംബത്തെയും പൊലീസ് തിരിച്ചയച്ചു. ഭർത്താവിന്‍റെ നിർബന്ധപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു യുവതിയേയും കുടുംബത്തേയും പൊലീസ് സംരക്ഷണത്തോടെ തിരിച്ചയച്ചത്. ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ചേർത്തലയിൽ നിന്നെത്തിയ അഞ്ജു എന്ന യുവതിയെയാണ് മണിക്കൂറുകൾക്ക് ശേഷം മടങ്ങിയത്.

ഇന്നലെ വൈകീട്ടോടെ പമ്പയില്‍ എത്തിയ യുവതി ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ യുവതിയുമായി ബന്ധപ്പെട്ട പശ്ചാത്തലം തിരക്കുകയും ചെയ്തു.

പൊലീസുമായുള്ള ചർച്ചകൾക്കിടെ സന്നിധാനത്തേക്കില്ലെന്ന് യുവതി നിലപാടെടുത്തെങ്കിലും ഭർത്താവ് വഴങ്ങിയില്ല. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് മുൻ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നീക്കം കരുതലോടെയായി.

ചേർത്തലയിലെ ബന്ധുക്കളേയും ഇതിനിടയിൽ പൊലീസ് വിവരം അറിയിച്ചു. രാത്രി വൈകി ഇവരെത്തിയതോടെ യുവതിയും ഭർത്താവും നിലപാട് മാറ്റി മടങ്ങാൻ തയ്യാറാവുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ഇവരുടെ മടക്കം. ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് തുറന്ന ശബരിമല നട ഹരിവരാസനം പാടി ഇന്നലെ രാത്രി പത്തരയോടെ അടച്ചു.

നിരോധനാജ്ഞയ്ക്കിടയില്‍ പൊതുവെ സമാധാനപരമായാണ് ശബരിമലയില്‍ ദര്‍ശനം നടന്നത്. വൈകുന്നേരം അഞ്ചരയോടെ തുറന്ന നട അഞ്ച് മണിക്കൂറോളം നീണ്ട ദര്‍ശനത്തിന് ശേഷമാണ് അടച്ചത്.

ഏഴായിരത്തോളം പേര്‍ ദര്‍ശനം നടത്തിയതായി പൊലീസ് പറഞ്ഞു. വന്‍ ആള്‍ത്തിരക്കായിരുന്നു ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തോളം പേര്‍ മാത്രമേ ദര്‍ശനം നടത്തിയിരുന്നൊള്ളൂ.

click me!