ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്; ഭര്‍ത്താവിന്റെ സന്ദേശങ്ങള്‍ പ്രേരണയായെന്നും കണ്ടെത്തല്‍

By Web TeamFirst Published Jan 28, 2019, 3:53 PM IST
Highlights

ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയിട്ടുണ്ട്. ഭർതൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിച്ചു

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണം ആത്മഹത്യ ആണെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആൻലിയയുടെ ഡയറിക്കുറിപ്പുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. 

ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയിട്ടുണ്ട്. ഭർതൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിലാണുള്ളത്.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാർ നദിയിൽ നിന്നും എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥിനിയായ ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം  പുറത്തുവന്നത്. ആൻലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്. ആൻലിയയയെ കാണാനില്ലെന്ന വിവരം തങ്ങൾ വളരെ വൈകിയാണ് അറിഞ്ഞതെന്ന ആൻലിയയുടെ രക്ഷിതാക്കലുടെ ആരോപണവും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുകയായിരുന്നു.

ഇതിനിടെ പുറത്തു വന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും ഭ‍ർതൃപീഡനത്തിന്റെ തെളിവുകളായി.ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ജസ്റ്റിൻ തന്നെ വിവാഹം ചെയ്തതും , തന്റെ ജോലി രാജി വയ്പിച്ചതും , ഗർഭിണിയായിരിക്കേ പഴകിയ ഭക്ഷണം കഴിക്കേണ്ടി വന്നതും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതുമെല്ലാം ആൻലിയ ഡയറിയിൽ കുറിച്ചിട്ടു. ആൻലിയ ഡയറിയില്‍ വരച്ച  ചിത്രവും ഏറെ ചർച്ചയായി. കരഞ്ഞുകൊണ്ട് എന്തോ എഴുതുന്ന പെൺകുട്ടി, അവൾക്ക് ചുറ്റും കുറ്റപ്പെടുത്തലുകൾ എന്ന പോലെ കുറേ കൈകൾ ആയിരുന്നു ചിത്രം. ചിത്രത്തിലുള്ളത് ആൻലിയ തന്നെയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മകൾക്ക് നീതീ കിട്ടണമെന്നാവശ്യപ്പെട്ട് ആൻലിയയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ്  ക്രൈംബ്രാ‍ഞ്ചിന് കൈമാറിയത്.

click me!