കുഞ്ഞിന് അപ്പനെ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല, വീട്ടുകാർ നാട്ടിലില്ല; കൊടുക്കാതെ പോയ ആന്‍ലിയയുടെ പരാതി

By Web TeamFirst Published Jan 25, 2019, 12:52 AM IST
Highlights

ഭർതൃവീട്ടിൽ അനുവഭിച്ച പീഡനങ്ങൾ വ്യക്തമാക്കുന്നതാണ് ആൻലിയയുടെ ഡയറിയും പൊലീസിനെഴുതിയ പരാതിയും. ആൻലിയ മരിച്ച് ദിവസങ്ങൾക്കു ശേഷം മാതാപിതാക്കളാണ് ഇത് കണ്ടെടുക്കുന്നത്.

തൃശ്ശൂര്‍: ഭർതൃവീട്ടിൽ അനുവഭിച്ച പീഡനങ്ങൾ വ്യക്തമാക്കുന്നതാണ് ആൻലിയയുടെ ഡയറിയും പൊലീസിനെഴുതിയ പരാതിയും. ആൻലിയ മരിച്ച് ദിവസങ്ങൾക്കു ശേഷം മാതാപിതാക്കളാണ് ഇത് കണ്ടെടുക്കുന്നത്. കരഞ്ഞു കൊണ്ട് കടലാസിൽ എന്തോ പകർത്തുന്ന പെണ്‍കുട്ടി. ചുറ്റും കുറ്റപ്പെടുത്തലിന്റെയും ചോദ്യങ്ങളുടെയും അനേകം കൈകൾ. ആൻലിയ ഹൈജിനസ് എന്ന 25-കാരി അവസാനം വരച്ച ചിത്രമാണിത്. 

ഭർതൃവീട്ടിൽ താൻ അനുഭവിച്ച പീഡനങ്ങൾ ഒരു ചിത്രത്തിലൊതുക്കി ദുരൂഹത ബാക്കിയാക്കി അവൾ വിട പറഞ്ഞു. എംഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന ആൻലിയ ആഗ്രഹങ്ങളത്രയും തന്റെ ഡയറിയിൽ അക്കമിട്ടെഴുതിയിരുന്നു. മികച്ച ജോലി, വീട്, കാർ, കുഞ്ഞിന്റെ ഭാവി. ഒരിക്കലും മറക്കരുതെന്ന തലക്കെട്ടിനു താഴെ വിവാഹത്തിന്റേതുൾപ്പെടെയുള്ള ചില തീയതികൾ. 

മകളുടെ മരണമറിഞ്ഞ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ മാതാപിതാക്കൾ ഡയറി കണ്ടെടുത്തതോടെയാണ് ഭർതൃവീട്ടിൽ അവളനുഭവിച്ച പീഡനങ്ങൾ പുറംലോകമറിഞ്ഞത്. പീഡനം സഹിക്ക വയ്യാതെ പൊലീസിന് നൽകാൻ ആൻലിയ പരാതിയും എഴുതിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഭർത്താവ് ജസ്റ്റിന്റെ ഉറപ്പിന്മേൽ അത് നൽകിയില്ലെന്ന് പിതാവ് ഹൈജിനസ് പറയുന്നു. 

ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, പീഡനം, മാനസികരോഗിയാക്കാൻ ആശുപത്രിയിലെത്തിച്ചത്, ഗർഭിണിയായിരിക്കുന്പോൾ പഴകിയ ഭക്ഷണം നൽകിയത്, പതിനെട്ട് പേജുള്ള പരാതി നിറയെ അനുഭവിച്ച ദുരിതങ്ങളത്രയുമുണ്ട്. ഇവിടെ നിന്നാൽ ഭർത്താവും അമ്മയും കൂടി തന്നെ കൊല്ലുമെന്നും എന്തെങ്കിലും സംഭവിച്ചാൽ അവരാണ് ഉത്തരവാദിയെന്നും മരണത്തിന് മുന്പ് സഹോദരന് അയച്ച സന്ദേശത്തിലും ആൻലിയ വ്യക്തമാക്കുന്നു.

'കുഞ്ഞിന് അപ്പനെ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാർ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം'. ആൻലിയയുടെ പരാതി അവസാനിക്കുന്നതിങ്ങനെയാണ്. പീഡനങ്ങൾ നേരിടുന്പോഴും ഒരിക്കൽ നല്ല ജീവിതം ലഭിക്കുമെന്ന് അവളാഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം

click me!