കൊച്ചിയില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; ഹൃദയമെത്തിച്ചത് തിരുവനന്തപുരത്തുനിന്ന്

By Web DeskFirst Published Jul 19, 2016, 1:13 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും വീണ്ടും ഹൃദയം എയര്‍ആംബുലന്‍സ് വഴി കൊച്ചിയിലേക്ക്. അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച കോരാണി സ്വദേശി പതിനഞ്ചുകാരന്‍ വിശാലിന്റെ ഹൃദയമാണ് ഡോണിയര്‍ എയര്‍ക്രാഫ്റ്റില്‍ കൊച്ചിയിലെത്തിച്ച് തൃശൂര്‍ സ്വദേശിനിയില്‍ വച്ചുപിടിപ്പിക്കുന്നത്. വിശാലിന്റെ കരളും വൃക്കകളും മറ്റ് മൂന്നുപേര്‍ക്കുകൂടി പുതുജീവനേകും. അതിനിടെ, വിശാലിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ കാഞ്ഞിരംപാറ അജിതിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസ‍ഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന നാലുപേര്‍ക്കാണ് വിശാല്‍ പുതുജീവനേകുന്നത്. പതിനാറാം തിയതിയാണ് വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുതുതര പരിക്കേറ്റ വിശാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോയ വിശാലിനെ കാറിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ മസ്തിഷ്ക മരകണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. തുടര്‍ന്നാണ് വിശാലിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള തൃശൂര്‍ പട്ടിമറ്റം സ്വദേശി 27കാരിയായ സിന്ധുവിന് വെച്ചുപിടിപ്പിക്കാന്‍ തീരുമാനമായത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും രോഗികള്‍ക്കാണ് നല്‍കുന്നത്. 12 മണിയോടെ ശസ്‌ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. ശേഷം പൊലീസ് അകമ്പടിയില്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്താവളത്തിലെത്തിച്ചു.
ഇത് മൂന്നാം തവണയാണ് തിരുവനന്തപുരത്തുനിന്നും എയര്‍ ആംബുലന്‍സ് വഴി ഹൃദയം കൊച്ചിയിലെത്തിക്കുന്നത്.

 

click me!