ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ദില്ലി സ്വദേശി രോഹിത് ബേദിക്കെതിരെ പൊലീസ് കേസെടുത്തു. എംബസി വാഹനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 14 ലക്ഷം തട്ടിയെടുത്തെന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. 

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ കേസെടുത്ത് പൊലീസ്. ദില്ലി സ്വദേശി രോഹിത് ബേദിക്കെതിരെ കേസ്. എംബസിയിൽ ഉപയോഗിച്ച ലാൻഡ് ക്രൂയിസർ എന്നു പറഞ്ഞ് കബളിപ്പിച്ചുവെന്നാണ് കേസ്. വാഹന ഇടപാടുകാരനായ രോഹിത് ബേദി 14 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം സ്വദേശി മുഹമ്മദ്‌ യഹിയയുടെ പരാതിയിലാണ് കേസെടുത്തു. യഹിയയുടെ വാഹനം ഓപ്പറേഷൻ നംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ഓപ്പറേഷൻ നുംഖോര്‍

അതേസമയം, ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകിയിരുന്നു. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങള്‍ കടത്തുന്ന സംഭവത്തിൽ കസ്റ്റംസ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് അമിതിന്‍റെ വാഹനം പിടിച്ചെടുത്തത്. അമിതിന്‍റെ ഗ്യാരേജിലുള്ള വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ നുംഖോറില്‍ നടൻ അമിത് ചക്കാലക്കൽ നേരത്തെ പലതവണ കസ്റ്റംസിന് മുന്നിൽ ഹാജരായി രേഖകൾ ഹാജരാക്കായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഭൂട്ടാനിൽ നിന്ന് കാറുകള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നിരുന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി സംസ്ഥാനത്തെ 17 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നിരുന്നു. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.