സൗദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി

By Web DeskFirst Published Dec 3, 2016, 7:15 PM IST
Highlights

റിയാദ്: സൗദി മന്ത്രിസഭയിലും മറ്റു ഉന്നത സഭകളിലും വീണ്ടും അഴിച്ചുപണി. സൗദി തൊഴില്‍ മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കി. ഇരുപത്തിയൊമ്പത് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പുതിയ ശൂറാ കൌണ്‍സില്‍ അംഗങ്ങളെയും രാജാവ് പ്രഖ്യാപിച്ചു.
 
മന്ത്രിസഭ, ശൂറാ കൗണ്‍സില്‍, പണ്ഡിത സഭ എന്നിവയില്‍ മാറ്റം വരുത്തി കൊണ്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്. തൊഴില്‍ സാമൂഹിക വികസന മന്ത്രി മുഫ്രിജ് അല്‍ ഹഖബാനിയെ സ്ഥാനത്ത് നിന്നും നീക്കി. അലി ബിന്‍ നാസര്‍ അല്‍ ഖഫീസ് ആയിരിക്കും പുതിയ തൊഴില്‍ മന്ത്രി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് തൊഴില്‍ മന്ത്രിയായിരുന്ന ആദില്‍ ഫക്കിയെ സ്ഥാനത്ത് നിന്നും മാറ്റി പകരം മുഫ്രിജ് അല്‍ അല്‍ ഹഖബാനിയെ നിയമിച്ചത്. മൊബൈല്‍ മേഖലയിലെ നൂറു ശതമാനം സൗദി വല്‍ക്കരണം ഉള്‍പ്പെടെ നിരവധി സ്വദേശീ വല്‍ക്കരണ പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുന്ന ടെക്ക്‌നിക്കല്‍ ആന്‍ഡ് വോക്കേഷണല്‍ ട്രെയിനിംഗ് കോര്‍പറേഷന്റെ തലവനാണ് നിയുക്ത തൊഴില്‍ മന്ത്രി അലി ബിന്‍ നാസര്‍ അല്‍ ഗഫീസ്. സൗദി പണ്ഡിത സഭയിലേക്ക് ഏതാനും പുതിയ അംഗങ്ങളെ നിയമിച്ചു. ഷെയ്ഖ് സാലിഹ് ബിന്‍ ഫോസാന്‍ ഉള്‍പ്പെടെ നാല് പേരുടെ പണ്ഡിതസഭയിലെ അംഗത്വം നാല് വര്‍ഷത്തേക്ക് കൂടി നീട്ടി. ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആല് ഷെയ്ഖ് പണ്ഡിതസഭാ ചെയര്‍മാനായി തുടരും. സൗദി ശൂറാ കൌണ്‍സിലില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തി. കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ അമ്രിനെ പദവിയില്‍ നിന്നും നീക്കി. അബ്ദുള്ള ബിന്‍ മുഹമ്മദ് ആല് ഷെയ്ഖിനെ ശൂറാ കൌണ്‍സില്‍ സ്പീക്കര്‍ ആയി നിയമിച്ചു. മുഹമ്മദ് അഹമെദ് ജിഫ്രി ഡെപ്യൂട്ടി സ്പീക്കറും യഹ്യ അബ്ദുള്ള സമാന്‍ അസിസ്റ്റന്റ്‌ സ്പീക്കറുമാകും. 150 അംഗങ്ങള്‍ അടങ്ങിയ പുതിയ ശൂറാ കൌണ്‍സിലും രാജാവ് പ്രഖ്യാപിച്ചു. ഇതില്‍ ഇരുപത്തിയൊമ്പത് അംഗങ്ങള്‍ വനിതകളാണ്. കസ്റ്റംസ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഖുലൈവിയെയും എജുക്കേഷന്‍ ഇവാലുവേഷന്‍ കമ്മീഷന്‍ ഗവര്‍ണര്‍ നായിഫ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ റൂമിയെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു.

click me!