
ആലപ്പുഴ: വൈകല്യമുള്ള കുഞ്ഞ് ആരുടേയും കുറ്റമല്ല. ദൈവത്തിനേറ്റവും പ്രിയപ്പെട്ടവരാണിവര്‍, പ്രത്യേക പരിഗണന വേണ്ടവര്‍. എന്നാല്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്ക് മതിയായ ചികിത്സ നല്‍കാനോ, കൃത്യമായി ഫിസിയോതെറാപ്പി നടത്താനോ കഴിയാത്ത നിരവധി മാതാപിതാക്കളുണ്ട്. പ്രത്യേകിച്ചും ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍. ശാരീരിക വൈകല്യമുള്ള അഥവാ ബുദ്ധിമാദ്ധ്യം ബാധിച്ച കുട്ടിയുമായി നഗരത്തിലെ ആശുപത്രിയിലേക്ക് വരാനുള്ള വണ്ടിക്കൂലിയില്ലാതെ വിഷമിക്കുന്നവര്‍, സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയവര്‍. ഇവര്‍ക്ക് ആശ്വാസമായി മൊബൈല്‍ ഫിസിയോ തെറാപ്പി യൂണിറ്റ് എത്തുന്നു. കഴിഞ്ഞ 16 മുതല്‍ അനുയാത്രാ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ജില്ലയില്‍ പര്യടനം തുടങ്ങി.
കുട്ടികളിലെ വൈകല്യം നേരത്തെ കണ്ടെത്തി, ചികിത്സയും തെറാപ്പികളും ആരംഭിച്ചിട്ടും ചികിത്സ മുടങ്ങുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ജില്ലയിലെ പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചെല്ലുന്നിടത്തെല്ലാം പത്തോളം പേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ടെന്നും ഡി.ഇ.ഐ.സി മാനേജര്‍ ലിനി ആനി ഗ്രിഗറി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹാരം കാണുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമാണ് അനുയാത്ര പദ്ധതി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സാമൂഹിക സുരക്ഷാമിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണിത് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയുടെ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (ഡി.ഇ.ഐ.സി) പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ എല്ലാ സ്ഥലത്തേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ആരംഭിച്ചത്.
പ്രവര്‍ത്തനമിങ്ങനെ
സംസ്ഥാനമൊട്ടാകെ 25 അനുയാത്ര മൊബൈല്‍ യൂണിറ്റുകളാണുള്ളത്. ആലപ്പുഴയ്ക്ക് രണ്ടെണ്ണം. ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എഡ്യുക്കേറ്റര്‍, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ് എന്നിങ്ങനെ നാലു തെറാപ്പിസ്റ്റുകളും സഹായിയുമാണ് ഒരു യൂണിറ്റിലുള്ളത്. ഒരു കേന്ദ്രത്തില്‍ ആഴ്ചയില്‍ ഒരു തവണ നിശ്ചിത ദിവസം യൂണിറ്റെത്തും. വൈകല്യമുള്ള കുട്ടിയുമായി രക്ഷിതാക്കള്‍ ആസ്ഥലത്തെത്തിയാല്‍ മതിയാകും. യൂണിറ്റ് എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, പഞ്ചായത്ത് വഴി ഗുണഭോക്താക്കളിലെത്തിക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ കേന്ദ്രീകരിച്ചും പിന്നീട് താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും സേവനം ലഭ്യമാക്കും.
ജില്ലയിലെ ആരോഗ്യ ബ്ലോക്കുകള്‍
ജില്ലയില്‍ 12 ആരോഗ്യ ബ്ലോക്കുകളാണുള്ളത്. ഇതിനെ രണ്ടായി തിരിച്ച് ആറെണ്ണത്തിന് ഒരു യൂണിറ്റ് എന്ന കണക്കിലാണ് പ്രവര്‍ത്തനം. അരൂക്കുറ്റി, തുറവൂര്‍, മുതുകുളം, ചെട്ടിക്കാട്, ചെമ്പുംപുറം, വെളിയനാട് എന്നിവിടങ്ങളിലേക്കാണ് ഒരു യൂണിറ്റ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, മുതുകുളം, ചുനക്കര, പാണ്ഡനാട്, കുറത്തിയാട് എന്നീഭാഗങ്ങളില്‍ മറ്റൊരു യൂണിറ്റുമെത്തും.
കൃത്യമായ ചികിത്സ മാറ്റങ്ങള്‍ ഉണ്ടാക്കും
ലോകത്താകമാനം ഏകദേശം 7.9 ശലക്ഷം കുഞ്ഞുങ്ങളാണ് ജനിതക വൈകല്യങ്ങളുമായി ജനിക്കുന്നത്. ഓട്ടിസം, മാനസിക വളര്‍ച്ചക്കുറവ്, സെറിബ്രല്‍ പാള്‍സി, എ.ഡി.എച്ച്.ഡി., ഡൗണ്‍സിന്‍ഡ്രോം, അംഗവൈകല്യങ്ങള്‍ തുടങ്ങിയവ ബാധിച്ച കുട്ടികളില്‍ കൃത്യമായ തെറാപ്പികള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജന്മനാ കാലുകള്‍ തളര്‍ന്ന കുട്ടി നടക്കുന്നതും, ശബ്ദമില്ലാത്ത കുട്ടി സംസാരിക്കുന്നതുമൊക്കെ ദീര്‍ഘകാല ചികിത്സയുടെ ഫലങ്ങളാണ്. ജനിതക വൈകല്യങ്ങള്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകില്ല. പക്ഷെ, കൃത്യമായ തെറാപ്പികള്‍ കൊണ്ട് വൈകല്യങ്ങളുടെ തോത് കുറച്ച് ഇവര്‍ക്കും സാധാരണ ജീവിതം സാദ്ധ്യമാക്കാനാകും
8589977448, 04772230630 എന്നീ നമ്പരുകളില്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam