
തൃശൂര്‍: തരിശ് രഹിത കേരളം പദ്ധതിക്ക് തുടക്കമായിട്ടും കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവന്നിട്ടും സംസ്ഥാനത്ത് നെല്‍വയല്‍ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനം കുറഞ്ഞെന്ന് കണക്ക്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് ഈ വര്‍ഷം തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്‍വയല്‍ വിസ്തൃതിയില്‍ കുറവ് കാണുന്നത്. നെല്ലുല്‍പാദനത്തില്‍ 21 ശതമാനവും കുറവുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. വേനല്‍ച്ചൂടും കുടിവെള്ളക്ഷാമവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാകുമെന്ന സൂചന കൂടിയായതോടെ നെല്ലുല്പാദനം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ഇതിനിടയില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും അതിനായി കുന്നിടിക്കുന്നതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ തീരുമാനം ദുരന്തത്തിന്റെ ആക്കം കൂട്ടുമെന്നാണ് കാര്‍ഷിക മേഖലയിലുളളവര്‍ ചൂണ്ടിക്കാട്ടുന്നത്.
വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അട്ടിമറിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഭേദഗതി. റവന്യുമന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനാണ് 2008 ല്‍ ഈ ചരിത്ര നിയമം സഭയില്‍ അവതരിപ്പിച്ചത്. ഭരണം മാറി യുഡിഎഫ് വന്നതോടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ശ്രമം നടന്നു. ഇതിനെതിരെ എല്‍ഡിഎഫ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
2008 ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട നെല്‍വയല്‍ നീര്‍ത്തട ഡാറ്റാബാങ്ക് 10 വര്‍ഷമായിട്ടും പ്രസിദ്ധീകരിച്ചില്ല. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കുറ്റമറ്റ ഡാറ്റാബാങ്ക് തയാറാക്കി പ്രസിദ്ധീകരിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം. ഇത് ലംഘിക്കപ്പെടുന്നതിനൊപ്പം വലിയ അട്ടിമറിയാണ് ഇതുസംബന്ധിച്ച് നിയമസഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇത് നിയമമാക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രക്ഷോഭത്തിന് കൈകോര്‍ക്കാനുള്ള സന്ദേശം സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ട് വച്ചുകഴിഞ്ഞു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് നിയമസഭ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള നീക്കം ഉണ്ടായതെന്നാണ് പരിഷത്തിന്റെ ആക്ഷേപം. മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത് പരിഷത്ത് സംഘടിപ്പിക്കുന്ന ജനസഭ ഇതിനുള്ള മുന്നൊരുക്കമാകും.
പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് ഡാറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം അതിന്റെ ന്യായവിലയുടെ പകുതി അടച്ച് എത്രവേണമെങ്കിലും നികത്താമെന്നാണ്. 10 സെന്റ് വരെ നികത്താന്‍ അനുമതിയും വേണ്ട. ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാന്‍ ഒന്നും ചെയ്യാതെ അതില്‍ ഉള്‍പ്പെടാത്ത വയല്‍ നികത്താമെന്ന് പറയുന്നതില്‍ യുക്തിയില്ലെന്ന് പരിഷത്ത് പ്രസിഡന്റ് ടി. ഗംഗാധരനും ജനറല്‍ സെക്രട്ടറി ടി.കെ. മീരാഭായിയും ചൂണ്ടിക്കാട്ടുന്നു.
ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലയിലും വ്യാപക പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുവാനാണ് പരിഷത്ത് തീരുമാനം. അതേസമയം, നിയമം അവതരിപ്പിച്ച സിപിഐയുടെ അനുഭാവ സംഘടനകളൊന്നും തന്നെ പ്രത്യക്ഷമായി ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നിട്ടുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam