
പ്രളയകാലത്ത് സൈനിക സഹായം തേടാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ആരോപിച്ച് ഒരു സൈനികന്‍റേതായി യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാജമെന്ന് കരസേനയുടെ വിശദീകരണം. അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വീഡിയോ വ്യാജമെന്ന സ്ഥിരീകരണം. ഭയാനകമായ ഈ മനുഷ്യദുരന്തത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം എല്ലാ പരിശ്രമവും നടത്തുമ്പോള്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും കരസേന ആവശ്യപ്പെടുന്നു.
പ്രളയ ദുരിതാശ്വാസ ശ്രമങ്ങള്‍ കാര്യക്ഷമമായി നടത്താനാവുന്ന സൈന്യത്തെ വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ലെന്നും അത് സര്‍ക്കാരിന് ലഭിക്കേണ്ട യശസ്സ് സൈന്യം കൊണ്ടുപോകുമെന്ന ഭയത്താലാണെന്നുമായിരുന്നു 2.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഉള്ളടക്കം. സൈനിക യൂണിഫോമില്‍ എത്തിയ ഒരാള്‍ പറയുന്നതായ വീഡിയോ സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. വളരെ വിഷമത്തോടുകൂടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും തന്‍റെയടക്കം കുടുംബം പ്രളയദുരിതത്തില്‍ പെട്ടിരിക്കുകയാണെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇതുവരെ അവിടെ എത്തിയിട്ടില്ലെന്നും ആര്‍മി വന്നതുകൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ലെന്നും തുടരുന്നു. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വഴിയാണ് വീഡിയോ കൂടുതലും പ്രചരിച്ചത്. എന്നാല്‍ ഇത് സൈനികനല്ലെന്നും മറിച്ച് ആള്‍മാറാട്ടക്കാരനാണെന്നുമാണ് കരസേന എഡിജിപിഐയുടെ സ്ഥിരീകരണം. ഈ വീഡിയോ ഷെയര്‍ ചെയ്യരുതെന്നും കരസേന അഭ്യര്‍ഥിക്കുന്നു.
അതേസമയം ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്. സൈനികനാണെങ്കില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam