പത്തനംതിട്ടയിൽ വൻ കള്ളനോട്ട് വേട്ട

By Web DeskFirst Published Oct 24, 2016, 12:29 PM IST
Highlights

പത്തനംതിട്ട: കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘം പൊലീസ് പിടിയിലായി. ഒൻപത് ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം എൻ ഐ എയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പത്തനംതിട്ട എസ് പി അറിയിച്ചു.

മല്ലപ്പള്ളി ടൗണിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തലയോലപറമ്പ് സ്വദേശിയായ അനീഷ് ആറു ലക്ഷത്തി പതിനായിരം രൂപയുടെ കള്ളനോട്ടുമായി പൊലീസ് പിടിയിലാവുന്നത്. അനിഷിനെ ചോദ്യം ചെയ്ത പൊലീസ് സുഹൃത്ത് ഷിജുവിനെ കസ്റ്റഡിയിലെടുത്തു. ഷിജുവിന്റെ തലയോലപ്പറമ്പിലെ വർക്ക് ഷോപ്പിൽ നിന്നും രണ്ട് ലക്ഷത്തി എൺപത്തി ഏഴായിരം രൂപയുടെ കള്ളനോട്ടും പൊലീസ് പിടികൂടി.

തുടർന്ന് കള്ളനോട്ടുകൾ അച്ചടിച്ച അനീഷിന്റെ തലയോലർപ്പറമ്പിലെ പ്രിന്റിങ്ങ്  സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മുപ്പത്തിയൊൻപതിനായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. ആകെ 9 ലക്ഷത്തി 36000രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രാഫിക്ക് ഡിസൈനറായ  അനീഷിനെതിരെ നേരത്തെ ഗുജറാത്തിൽ കള്ളനോട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഇയാൾ ജാമ്യത്തിലായിരുന്നു.

കറൻസി അച്ചടിക്കാൻ ഉപയോഗിച്ച സ്കാനർ , പ്രിൻറർ , ലാപ്ടോപ്പ്  ഉൾപ്പടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പന്തളത്ത് നിന്നും ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ട് പൊലീസ് പിടികൂടിയിരുന്നു. കേസുകൾ എൻ ഐ എയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് പത്തനംതിട്ട എസ് പി അറിയിച്ചു. ശബരിമല സീസണ് മുന്നോടിയായി കള്ളനോട്ട് വിതരണം നടക്കാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

 

click me!