
ദില്ലി: ദില്ലിയിലെ യമുനാതീരത്ത് നടത്തിയ ലോകസാംസ്കാരികോത്സവത്തിന്റെ പേരിൽ തീരമേഖല മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ അടച്ചു. ഹരിതട്രൈബ്യൂണൽ ചുമത്തിയ പിഴത്തുകയായ അഞ്ച് കോടി രൂപയിൽ ബാക്കിയുണ്ടായിരുന്ന 4 കോടി 75 ലക്ഷം രൂപയാണ് ഫൗണ്ടേഷൻ ശനിയാഴ്ച ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയിൽ നൽകിയത്. പിഴത്തുക ഉടൻ അടയ്ക്കണമെന്ന് കാട്ടി ദേശീയ ഹരിതട്രൈബ്യൂണൽ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മാർച്ച് ആദ്യവാരം ദില്ലി നഗരമധ്യത്തിലെ യമുനാതീരത്ത് നൂറുകണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്ത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ നടത്തിയ ലോക സാംസ്കാരികോത്സവത്തിൽ 155 രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഇത്രയധികം പേർ പങ്കെടുക്കുന്ന ഭീമൻ പരിപാടി പരിസ്ഥിതിലോല മേഖലയായ യമുനാതീരത്ത് നടത്തുന്നത് തീരമേഖലയ്ക്ക് വലിയ കോട്ടം വരുത്തുമെന്ന് കാട്ടി ഇതിനെതിരെ യമുനാ ജാനേ അഭിയാൻ എന്ന പരിസ്ഥിതി സംഘടനയാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ഇതേത്തുടർന്ന് പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്ന രീതിയിൽ യമുനാതീരത്ത് പരിപാടി നടത്തിയതിന് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ അഞ്ച് കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. പരിപാടിയ്ക്ക് മുന്നോടിയായി 25 ലക്ഷം രൂപ നേരത്തെ ഫൗണ്ടേഷൻ കെട്ടിവെച്ചു. എന്നാൽ ബാക്കിയുള്ള പിഴയടക്കുന്നതിന് പകരം തത്തുല്യമായ ബാങ്ക് ഗ്യാരണ്ടി നൽകാനനുവദിയ്ക്കണമെന്ന് കാട്ടി ആർട്ട് ഓഫ് ലിവിംഗ് വീണ്ടും ദേശീയ ഹരിതട്രൈബ്യൂണലിനെ സമീപിയ്ക്കുകയായിരുന്നു.
രൂക്ഷവിമർശനത്തോടെ അപ്പീൽ തള്ളിയ ഹരിതട്രൈബ്യൂണൽ ഉടൻ പിഴ കെട്ടിവെയ്ക്കാൻ ഫൗണ്ടേഷനോട് ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള നാല് കോടി 75 ലക്ഷം രൂപ ആർട്ട് ഓഫ് ലിവിംഗ് ശനിയാഴ്ച ദില്ലി ഡെവല്പമെന്റ് അതോറിറ്റിയിൽ ഡിമാന്‍റ് ഡ്രാഫ്റ്റായി അടച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam