
ചെങ്ങന്നൂർ: ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയായ 'കരകയറാത്ത കേരളം' കേരള മനസാക്ഷിക്ക് മുമ്പിൽ വച്ച പാണ്ടനാട്ടെ സഹോദരിമാരുടെ ദുരിതം ഫലം കണ്ടു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയ പാണ്ടനാട് സ്വദേശികളായ ഓമനയും മഞ്ജുവും തിരിച്ചുപോകാൻ ഇടമില്ലാതെ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ തന്നെ ദുരിതജീവിതം തുടരുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് വലിയ പ്രതികരണമാണ് വാർത്തക്ക് കിട്ടിയത്.
ഓമനയ്ക്കും മഞ്ജുവിനും സ്ഥലവും വീടും നൽകുമെന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വകാര്യവ്യക്തികൾ സർക്കാരിന് വിട്ടുനൽകിയ സ്ഥലത്ത് ഇവർക്കായി വീട് നിർമാണം ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇനിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. ഓമനയ്ക്കും മഞ്ജുവിനും സഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകും പറഞ്ഞു.
സഹോദരിമാർക്ക് പ്രത്യേക സഹായം ഉടൻ നൽകുമെന്ന് ആലപ്പുഴ ജില്ലാകളക്ടർ എസ്.സുഹാസും പ്രതികരിച്ചു. നിലവിലെ വ്യവസ്ഥകൾക്ക് പുറത്തായതിനാലാണ് ഇതുവരെ സഹായം നൽകാൻ കഴിയാതിരുന്നത്. ഇത് പ്രത്യേക കേസായി പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. ഓമനയുടേയും മഞ്ജുവിന്‍റേയും പേരിൽ സ്വന്തമായി വീടില്ലാത്തതുകൊണ്ട് നിയമപ്രകാരം ഇവർക്ക് സർക്കാരിൽ നിന്നും ഒരു സഹായധനവും കിട്ടിയിരുന്നില്ല. നിയമത്തിന്‍റെ നൂലാമാലകളുടെ പേരിൽ വാടകയ്ക്ക് വീടെടുത്തുനൽകാനും അധികൃതർ തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടതോടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam