
ആലപ്പുഴ: ജീവിത പ്രതിസന്ധിയുടെ ആഴങ്ങളില്‍ നിന്ന് സുമനസുകളുടെ സഹായത്തോടെ തിരിച്ചുവന്ന ഒരച്ഛന്‍റെയും രണ്ട് കൊച്ചു പെണ്‍മക്കളുടെയും സന്തോഷത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. ഒമ്പത് മാസം മുമ്പു ഇതുപോലൊരു പ്രഭാതത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗവേഷിന്‍റെയും മക്കളുടെയും സങ്കടങ്ങള്‍ നമസ്തേ കേരളം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ എംപി കെസി വേണുഗോപാലും നല്ലവരായ ഒരുപാട് പ്രേക്ഷകരുമാണ് ആ കുടുംബത്തിനെ ചേര്‍ത്തു നിര്‍ത്തി സന്തോഷ തീരത്ത് എത്തിച്ചത്.
ലോൺ എഴുതി തള്ളിയെന്ന് ഗൗരി പറയുമ്പോൾ അതിന്റെ ഭാരമൊക്കെ ആ കുഞ്ഞിന് മനസ്സിലായിരുന്നോ എന്ന് അറിയില്ല. പക്ഷെ ജീവിതത്തിലെ പ്രശ്നങ്ങൾ മാറുന്നു, സമാധാനമായി പഠിക്കാം, അനിയത്തോട് ഒപ്പം കളിക്കാം സന്തോഷത്തിന്റെ നാളുകൾ ആണ് മുന്നിൽ ഉള്ളത് എന്നൊക്കെ ഗൗരിയും കാത്തുവും ഒക്കെ തിരിച്ചറിയുന്നുണ്ട്. അവരുടെ കുഞ്ഞുമുഖങ്ങളിലെ ചിരികളിൽ അത് ഉണ്ട്. നമുക്കും ഒരുപാട് ഒരുപാട് സന്തോഷം. രണ്ട് പേരും നല്ല മിടുക്കി കുട്ടികളായി പഠിച്ച് വളരട്ടെ.
പാതിവഴിയില്‍ നിന്നു പോയ വീടിന്‍റെ പണി പൂര്‍ത്തിയായിരിക്കുന്നു. മലങ്കര ക്രഡിറ്റ് സൊസൈറ്റിയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയോളം വരുന്ന വായ്പ എഴുതിത്തളളിയതായി സ്ഥാപനത്തിന്‍റെ അധികൃതര്‍ ഗവേഷിനെ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ എംപി കെസി വേണുഗോപാലിന്‍റെ ഇടപെടലാണ് ഈ ചെറിയ കുടുംബത്തിന്‍റെ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചു കൊണ്ടുവന്നത്.
ഭാര്യയെ ആക്രമിക്കാൻ വന്നയാളെ പ്രതിരോധിക്കുമ്പോള്‍ അക്രമിയുടെ കുത്തേറ്റാണ് ഗവേഷിന് ജോലി ചെയ്യാനാവാത്തവിധം പരിക്കേറ്റത്. ആ പരിക്കും തുടർ ചികിൽസകളുമെല്ലാമായി ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗവേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെ നല്ല മനസുകളുടെ സഹായം തേടിയത്. വാര്‍ത്ത കണ്ട ഏഷ്യാനെറ്റ് പ്രേക്ഷകരിലൊരുപാടുപേരും ചെറുതും വലുതുമായ സഹായങ്ങള്‍ കുടുംബത്തിന് നല്‍കി. പണിപൂര്‍ത്തിയായ വീട്ടില്‍ ഞായറാഴ്ച ഗവേഷും മക്കളായ ഗൗരിയും കാത്തുവും താമസം തുടങ്ങും. കൈവിട്ടു പോയ ജീവിതം തിരികെ പിടിക്കാന്‍ കൂടെ നിന്നവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam