സഹകരണ മേഖലയെ പൂർണ്ണമായും അഴിമതി വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. രാഷ്ട്രീയ ഭേദമന്യേ എല്ലാ തട്ടിപ്പുകാരെയും പിടികൂടുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.
പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണ്ണമായി അഴിമതി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനി സിപിഎം ആണെങ്കിലും ശരി യുഡിഎഫ് ആണെങ്കിലും ശരി, തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന.
കേരള ബാങ്ക് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്ന വിവരം ഇപ്പോഴാണ് അറിഞ്ഞത്. സിസിടിവി ക്യാമറ പർച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചാൽ അന്വേഷിച്ചല്ലേ പറ്റൂ. അന്വേഷണ റിപ്പോർട്ട് വരട്ടെ. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. നിക്ഷേപകർക്ക് ജീവിതം നഷ്ടപ്പെടുന്ന അവസ്ഥയാണ്. പ്രതിസന്ധിയുള്ള സഹകരണ ബാങ്കുകളുടെ കണക്ക് എടുത്തിട്ടുണ്ട്. എന്തുകൊണ്ട് നഷ്ടം സംഭവിച്ചു എന്നത് പരിശോധിക്കുകയാണ്. ഡയറക്ടർ ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതി നഷ്ടത്തിന് കാരണമാണ്. അഴിമതി നടത്തിയവരെയും കൂട്ടുനിന്നവരെയും സർക്കാർ വെറുതെ വിടില്ല. കുറ്റം ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയുമില്ല. ഇതുവരെ ഒരു ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസ് സിവിൽ കേസ് എടുത്തിട്ടില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ പിടിച്ചെടുക്കും. അഴിമതിക്ക് കൂട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ സിവിലായും ക്രിമിനൽ ആയും കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.


