
തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം നടക്കുകയാണ്. ആലപ്പുഴ കുട്ടനാട്ടിലെ കൈനഗരി പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് സൈബര്‍ ആക്രമണത്തിന് ആധാരം. വെള്ളത്തില്‍ ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ചി ത്രം ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നത്. ഇക്കാര്യത്തില്‍ ടിവി പ്രസാദിന് പറയാനുള്ളത് ഇതാണ്.
പ്രസാദിന്‍റെ കുറിപ്പ്
വലിയ ദുരന്തം സ്വയം ക്ഷണിച്ച് വരുത്തുന്നു എന്ന് വിമർശിക്കുകയും ഈ ചാൻസിൽ ഞാൻ നേരത്തെ ചെയ്ത വാർത്തകളിൽ കുരുപൊട്ടിയവർ തെറിവിളിയ്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്...
ഇത് കൈനകരി പഞ്ചായത്തിലെ വലിയകരി പാടശേഖരമാണ്. മടവീണ് വെള്ളം കയറിയ പാടശേഖത്തിൽ ചോരനീരാക്കി അദ്ധ്വാനിച്ച കർഷകരുടെ കണ്ണീരുണ്ടായിരുന്നു. രണ്ടാഴ്ച പ്രായമായ നെൽച്ചെടിക്ക് മുകളിൽ ഒരാളിലേറെ പൊക്കത്തിൽ വെള്ളമുണ്ട് എന്ന് പറയുന്നതിലും ദൃശ്യമാധ്യമത്തിന് നല്ലത് അത് കാണിച്ച് കൊടുക്കുന്നതാണ്.
പാടശേഖര ഭാരവാഹികളുടെയും അവിടുത്തെ താമസക്കാരുടെയും സാന്നിധ്യത്തിൽ കൊയ്ത്തുമെഷീനും ട്രാക്ടറുമൊക്കെ ഇറക്കുന്ന കോൺക്രീറ്റ് ചെയ്ത് പാടശേഖരത്തിലേക്ക് ഇറക്കി കെട്ടിയ ഭാഗത്താണ് ഞാനീ ഇറങ്ങി നിൽക്കുന്നത്. അടിയൊഴുക്ക് ഇല്ലാത്ത ചെളിയില്ലാത്ത സ്ഥലത്ത് ഇനി എന്തേലും സംഭവിച്ചാൽ എന്നെ പിടിക്കാൻ ചുറ്റിലും പത്തിലധികം ആളുകളുണ്ടായിരുന്നു.
രണ്ടാം ക്ലാസ്സിൽ പഠിച്ച നീന്തൽ മറന്നുപോയിട്ടുമില്ല. അപകട മേഖലയില്ല ഞാനിറങ്ങിയത് എന്ന് ചുരുക്കം. ബാക്കിയിറങ്ങിയ സ്ഥലങ്ങൾ വീടുകളുടെ മുറ്റങ്ങളിലും ആരോഗ്യ കേന്ദ്രത്തിൻെ മുന്നിലുമാണ്. എല്ലാം പൂർണ്ണ സുരക്ഷിതമാണ് എന്ന് ചോദിച്ച് ഉറപ്പിച്ച് കൂടെയുള്ളവർക്ക് ഒപ്പമാണ് ഇറങ്ങിയത്.
വെള്ളത്തിൽ ഇറങ്ങിയത് റിപ്പോർട്ടറുടെ ഒരു ഷോ ആണെന്ന് പറയുന്നവരോട്, അതെ ഷോ തന്നെയാണ്. ഒരു ദൃശ്യമാധമപ്രവർത്തകൻ പറയാനുദ്ദേശിക്കുന്നത് കൂടുതൽ പേരിലേക്ക് എത്തുക എന്നത് തന്നെയായിരിക്കണം അവൻറെ പ്രഥമ പരിഗണന.. ഈ പാടശേഖരത്തിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ട് എന്ന് കരയ്ക്ക് നിന്ന് പറയും മുമ്പ് ഈ വിമർശിച്ചവരെല്ലാം ചാനൽ മാറ്റിക്കഴിഞ്ഞിട്ടുണ്ടാവും.
ഒരു റിപ്പോർട്ടറെ സംബന്ധിച്ചടുത്തോളം ഒരു നാട് അനുഭവിക്കുന്ന ദുരിതം പരമാവധി ആളുകളിലേക്ക് നന്നായി എത്തിക്കുക എന്ന ഒരു റിപ്പോർട്ടറുടെ ഉത്തരവാദിത്തമാണ് നടപ്പാക്കിയത്. കരയിൽ നിന്ന് പറയാതെ ധരിച്ച വസ്ത്രം നനഞ്ഞു എന്നത് മാത്രമാണ് ആകെയുണ്ടായ ഒരു ചെറിയ ബുദ്ധിമുട്ട്. ഞാൻ പറയാനുദ്ദേശിക്കുന്നതിൻറെ തീവ്രതയും കയറിയ വെള്ളത്തിൻറെ ഏകദേശ അളവും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചത്. മറ്റ് വാർത്തകൾ ചെയ്യുന്നത് പോലെ തന്നെ സ്വയം തോന്നി ചെയ്തതാണ്.. നിങ്ങൾ കണ്ടതുപോലെ ടിവിയിലാണ് സ്ഥാപനമേധാവികളും എൻറെ വെള്ളത്തിലിറങ്ങി നിൽക്കലും കണ്ടിട്ടുണ്ടാവുക.(ലൈവ് കണ്ടിരുന്നോ എന്ന് തന്നെ ഉറപ്പില്ല). സ്ഥാപന മേധാവിയുടെ സമ്മർദ്ദമാണ് എന്നൊന്നും തട്ടിവിടേണ്ട..
വിമർശിക്കുന്നത് ഉൾക്കൊള്ളാം. സുരക്ഷിതത്വത്തെക്കുറിച്ചാണ് ആ ആശങ്ക. അതിവിടെ വിശദീകരിക്കുകയും ചെയ്തതാണ്. കളിയാക്കുകയും പരിഹസിക്കുകയു ചെയ്യുന്നതും ഓരോ അളുകളുടെയും സ്വഭാവം മാത്രമായി കാണാനാവില്ല എൻറെ കാര്യത്തിൽ. സംഘടിതമായി തെറിവിളിക്കുന്നവർ പ്രത്യേകിച്ചും. അവർ ഒരു വിഭാഗത്തിൽപ്പെട്ടവരാണ്. അവർക്ക് ഒരു അജണ്ടയുണ്ട്. ആലപ്പുഴയിൽ നിന്ന് കഴിഞ്ഞ വർഷം ചെയ്ത മൂന്ന് മാസം നീണ്ടുനിന്ന വാർത്താ പരമ്പരയിലും നാലുവർഷം മുമ്പ് കോഴിക്കോട് ജയിലിൽ നിന്ന് ചെയ്ത ഒരു വാർത്തയിലും അസ്വസ്ഥരായവരാണവർ...
കിട്ടുന്ന ചാൻസ് മുതലെടുത്ത് ഒരിക്കലും ആർക്കും ദോഷമില്ലാത്ത ഒരു റിപ്പോർട്ടിംഗ് രീതി വെച്ച് താറടിക്കാൻ ശ്രമിക്കുകയാണവർ..എന്തൊക്കെ പറഞ്ഞാലും ശരിയെന്ന് തോന്നുന്നത് റിപ്പോർട്ട് ചെയ്യും. സുരക്ഷിതത്വം നോക്കി ഇനീം വെള്ളത്തിലിറങ്ങും. തുടർച്ചയായി പരിഹസിക്കുകയും ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുമ്പോൾ ചെയ്യാനുദ്ദേശിച്ചതൊക്കെ ഒന്നുകൂടി ശക്തമാകും എന്നേയുള്ളൂ...അല്ലാതെ പേടിച്ചിട്ടോ നാണംകെട്ടോ പിൻമാറില്ല. നാട്ടുകാർ ഇതൊക്കെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam