ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ചെടിച്ചട്ടികൾ തകർത്തത് കരോൾ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു
ആലപ്പുഴ: ക്രിസ്‌മസ് കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടിൽ അനീഷ് (43 ) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ക്രിസ്‌തുമസിൻ്റെ തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം. കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ്, ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോൾ സംഘത്തിന് ഇതിലൂടെയുണ്ടായത്. വീട്ടിലെ ചെടിചട്ടികൾ പൊട്ടിച്ചത് കരോളുമായി ചെന്നവരാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് അനീഷ് പൊലീസിനോട് പറഞ്ഞത്. മാരാരിക്കുളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.


