പൗരത്വ ബിൽ: പ്രതിഷേധത്തിനിടെ അസമിൽ ബിജെപി ജില്ലാ പ്രസിഡന്‍റിന് നാട്ടുകാരുടെ ക്രൂര മര്‍ദനം

By Web TeamFirst Published Jan 31, 2019, 12:42 PM IST
Highlights

അസമിലെ തിൻസുക്കിയ ജില്ലയിൽ നിന്നുള്ള ബിജെപി നേതാവ് ലാകേശ്വർ മൊറാൻ എന്നയാളെയാണ് പ്രതിഷേധക്കാർ മർദ്ദിച്ചത്.           ബുധനാഴ്ചയായിരുന്നു സംഭവം. 

അസം: കേന്ദ്ര സര്‍ക്കാർ പാസ്സാക്കിയ പൗരത്വ ബില്ലിനെതിരെ പ്രതിഷേ​ധം കനക്കുന്നതിനിടെ അസമിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ നാട്ടുകാർ തല്ലിച്ചതച്ചു. അസമിലെ തിൻസുക്കിയ ജില്ലയിൽ നിന്നുള്ള ബിജെപി നേതാവ് ലാകേശ്വർ മൊറാൻ എന്നയാളെയാണ് പ്രതിഷേധക്കാർ മർദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. 

‍ആർഎസ്എസ് പോഷക സംഘടനയായ ലോക് ജാ​​ഗ്രൺ മഞ്ച് സം​ഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായി അപ്പർ അസമിൽ എത്തിയതായിരുന്നു ലാകേശ്വർ. പരിപാടി നടക്കുന്ന സ്ഥലത്ത് ലാകേശ്വർ എത്തിയതും 3000ത്തോളം വരുന്ന പ്രതിഷേധക്കാർ അദ്ദേഹത്തെ വളയുകയായിരുന്നു. കരിങ്കൊടി കാട്ടിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ലാകേശ്വറിനെ പ്രതിഷേധക്കാർ വരവേറ്റത്. പൗ​രത്വ ബില്ലിനെതിരെയുള്ള കെട്ടുകഥകൾ തുടച്ചു നീക്കുന്നതിനായി പ്രതിഷേധക്കാർ അസമിലെ വിവിധയിടങ്ങളിലായി പൊതുപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 

ലാകേശ്വറിനെ പ്രതിഷേധക്കാർ മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതിഷേധക്കാർ അദ്ദേഹത്തെ മർദ്ദിക്കുന്നതിന്റേയും വലിച്ചിഴയ്ക്കുന്നതിന്റേയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. അദ്ദേഹത്തോടൊപ്പം വന്ന മറ്റ് ബിജെപി പ്രവർത്തകരേയും പ്രതിഷേധക്കാർ മർദ്ദിക്കുന്നുണ്ട്. ക്രൂര മർദ്ദനത്തിന് ഇരയായ ലാകേശ്വറിനെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ ഇതുവരെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. 

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, സിക്ക്, ബുദ്ധമതം, ജൈനന്‍മാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1985ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്. 1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. സര്‍ക്കാരിന്റെ നീക്കം 1985 അസം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അസം ഉടമ്പടിക്ക് ബിൽ വിരുദ്ധമാണെന്ന് കാണിച്ച് അസാമിൽ‌ പ്രതിഷേധം ശക്തമാണ്. ബില്ലിനെതിരെ ആളുകൾ നഗ്ന പ്രതിഷേധം നടത്തിയിരുന്നു. 

അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്‍റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.  3.29 കോടി വരുന്ന അസമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്‌. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ  ജനുവരി എട്ടിന് എല്ലാ എതിർപ്പുകളും മറിക്കടന്ന് പൗരത്വ ബില്‍ ലോക് സഭ പാസാക്കി.

click me!