
ഗുവാഹത്തി: അസമിലെ പൗരത്വപട്ടിക രാഷ്ടീയ തർക്കത്തിനിടയാക്കുന്നു. വിഭജിച്ചു ഭരിക്കാനാണ് പട്ടികയെന്ന് രാഹുൽഗാന്ധിയും മമതാബാനർജിയും ആരോപിച്ചു. അതേസമയം പട്ടിക നിലപാടിൻറെ വിജയമെന്നാണ് ബിജെപിയുടെ പ്രതികരണം. ആശങ്ക വേണ്ടെന്ന് രാജ്നാഥ് സിംഗ് പറയുമ്പോഴും 40 ലക്ഷം പേർ ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തിയത് വിജയമായാണ് ബിജെപി അവകാശപ്പെടുന്നത്. നരേന്ദ്രമോദിയുടെ പഴയ പ്രസംഗം ട്വിറ്ററിലിട്ടാണ് ബിജെപിയുടെ ആഘോഷം. കേന്ദ്രനീക്കം വലിയ അരക്ഷിതാവസ്ഥയ്ക്ക് ഇടയാക്കിയെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇന്ത്യക്കാരെ തന്നെ കേന്ദ്രം അഭയാർത്ഥികളാക്കിയെന്നാണ് മമത ബാനർജിയുടെ ആരോപണം.
പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവരെ എന്തായാലും ബംഗ്ളാദേശിലേക്ക് തിരിച്ചയയ്ക്കാനാവില്ല. സ്വീകരിക്കില്ലെന്ന് ബംഗ്ളാദേശ് പ്രഖ്യാപിച്ചു കഴിഞ്ഞു. ദീർഘകാല താമസ പെർമിറ്റ് നല്കുക. അസമിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഘട്ടം ഘട്ടമായി മാറ്റി പാർപ്പിക്കുക. പത്തോ ഇരുപതോ കൊല്ലത്തിനു ശേഷം പൗരത്വം നല്കുക. ഈ മൂന്നു നിർദ്ദേശങ്ങളാണ് പരിഗണനയിൽ ഉള്ളത്. അതുവരെ ഇവരുടെ ജീവിതം പ്രതിസന്ധിയിലാകും. അസമിൽ വോട്ടർപട്ടികയിൽ നിന്ന് ഒന്നരലക്ഷം പേർ പുറത്തു പോകും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സമാന രജിസ്റ്ററിനായുള്ള നീക്കം മറ്റു സംസ്ഥാനങ്ങളിലും ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിലെത്തിയ ബിജെപിക്ക് കിഴക്കേ ഇന്ത്യയിൽ ഈ പട്ടിക പ്രധാന ആയുധമാകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam