
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സോളാർ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍റെ മൊഴിയെടുത്തു. മുഖ്യപ്രതി സുനിൽകുമാറിനുവേണ്ടി തന്നെ കാണാൻ വന്ന ചിലരെ തിരിച്ചറിഞ്ഞെന്നും ഒരു മാഡത്തെക്കുറിച്ച് ഇവർ പറഞ്ഞെന്നും മൊഴി കൊടുത്തതായി ഫെനി അവകാശപ്പെട്ടു. ഇതിനിടെ ദീലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തന്‍റെ സെറ്റിൽ മുഖ്യപ്രതി സുനിൽ കുമാർ എത്തിയിരുന്നു എന്നതിന്‍റെ തെളിവുകളും പുറത്തുവന്നു. അന്വേഷണം നീണ്ടുപോകുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്
ഉച്ചക്കുശേഷം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് ഫെനി ബാലകൃഷ്ണന്‍റെ മൊഴിയെടുത്തത്. സുനിൽകുമാറിന്‍റെ കീഴടങ്ങലിനുസഹായം തേടി രണ്ടുപേർ തന്നെ സമീപിച്ചെന്നും അവർ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്നുമാണ് മൊഴി. പൊലീസ് കാണിച്ച ചില ചിത്രങ്ങളിൽനിന്ന് തന്നെ വന്നുകണ്ട ഒരാളെ തിരിച്ചറിഞ്ഞതായി ഫെനി അവകാശപ്പെട്ടു. ചില നടീനടൻമാരുടെ പേരുപറയാൻ തനിക്ക് സമ്മർദ്ദമുണ്ടെന്നും മൊഴി കൊടുത്തശേഷം ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു
ഇതിനിടെ ദീലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ സെറ്റിൽ സുനിൽ കുമാർ എത്തിയിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്തുവന്നു. നടിയെ ആക്രമിക്കുന്നതിന് മുന്പുളള ചിത്രങ്ങളണിത്. തൃശൂരിലെ ഒരു ക്ലബിൽ നടന്ന ഷൂട്ടിങ്ങിനിടെ ദീലീപുമായി കൂടിക്കണ്ടിട്ടുണ്ടോയെന്നാണ് പൊലീസ് തിരക്കുന്നത്. ഇവിടുത്തെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിലവിലെ അന്വേഷണം നീണ്ടുപോകുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചതായാണ് സൂചന. എഡിജിപി ബി സന്ധ്യ, ഐജി ദിനേന്ദ്ര കശ്യപ് എന്നിവരെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. തെളിവുകളുണ്ടെങ്കിൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് നിർദേശം, ഇതിനിടെ എട്ടുദിവസം മുന്പ് എഡിജിപി ടോമിൻ തച്ചങ്കരിയെ നാദിർഷ സന്ദർശിച്ചത് വിവാദമായിട്ടുണ്ട്. ഇക്കാര്യം അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയിലും ചിലർ പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam