ഡെങ്കിപ്പനി കാലത്ത് രക്തബാങ്കുകളില്‍ സൗകര്യക്കുറവ് തിരിച്ചടിയാകുന്നു

By Web DeskFirst Published Jul 2, 2017, 4:19 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിലെ സൗകര്യങ്ങളുടെ അപര്യാപ്‌തത ഡെങ്കിപ്പനി മൂലം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന രോഗികളില്‍ അത് കുത്തിയിടേണ്ടതുണ്ട്. ഇതിനായി ബ്ലഡ് ബാങ്കുകളില്‍നിന്നാണ് പ്ലേറ്റ്‌ലെറ്റ് വാങ്ങുന്നത്. എന്നാല്‍ ഓരോ ജില്ലകളിലെയും പ്രമുഖ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ബ്ലഡ് ബാങ്കുകളില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതും പ്ലേറ്റ്‌ലെറ്റ്‌ വേര്‍തിരിക്കുന്ന സംവിധാനത്തിന് ലൈസന്‍സ് ലഭിക്കാത്തതുമാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്.

ജീവനക്കാരുടെ കുറവ്

എല്ലാ രക്തബാങ്കുകളിലും ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്റെ ഒരു സ്ഥിരം തസ്‌തിക മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ താല്‍ക്കാലിക ജീവനക്കാരായിരിക്കും. നിലവില്‍ കേരളത്തിലെ 25 രക്തബാങ്കുകളിലായി ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ ഓരോ തസ്‌തിക മാത്രമാണുള്ളത്. കേന്ദ്ര നിയമം അനുസരിച്ച് ടെക്‌നിക്കല്‍ സൂപ്പര്‍‌വൈസറിന്റെ 12 തസ്‌തികയെങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് ഇതുവരെ നടപ്പിലായിട്ടില്ല. സര്‍വ്വീസില്‍ കയറുമ്പോഴും വിരമിക്കുമ്പോഴും ഒരേ തസ്തികയില്‍തന്നെ തുടരേണ്ടതിനാല്‍, ഈ ജോലിക്കായി കടന്നുവരാന്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല.

ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് എല്ലായിടത്തും വേണം

ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് എന്ന സംവിധാനം ഉപയോഗിച്ചാണ് പ്ലേറ്റ്‌ലെറ്റ്, പ്ലാസ്‌മ, ചുവന്ന രക്താണുക്കള്‍ എന്നിവ വേര്‍തിരിച്ചെടുക്കുന്നത്. ചില ജില്ലകളിലെ ബ്ലഡ് ബാങ്കുകളില്‍ ഈ സംവിധാനം ലഭ്യമായിട്ടില്ല. എറണാകുളത്തെ ബ്ലഡ് ബാങ്കില്‍ ഉള്‍പ്പടെ ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ആലുവയില്‍ ഉള്‍പ്പടെ ചില ബ്ലഡ് ബാങ്കുകളില്‍ പഴയതരം ഉപകരണമാണുള്ളത്. അഫ്റെസിസ് എന്ന ആധുനിക ഉപകരണം സ്ഥാപിച്ചാല്‍ ആവശ്യമായ ഘടകങ്ങള്‍ വേരിതിരിച്ചെടുത്ത ശേഷം, രക്തം നല്‍കിയ ആളുടെ ശരീരത്തിലേക്ക് തിരിച്ച് കയറ്റാനാകും. 

ഡെങ്കിപ്പനി കൂടാതെ അര്‍ബുദം, ഹീമോഫീലിയ, എലിപ്പനി എന്നിവയ്‌ക്കും വിവിധ രക്തഘടകങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതിനാല്‍, പ്ലേറ്റ്‌ലെറ്റിന് ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ യൂണിറ്റിന് 800 മുതല്‍ 1000 രൂപ വരെ ഈടാക്കിയാണ് പ്ലേറ്റ്‌ലെറ്റ് നല്‍കുന്നത്. ചില രോഗികള്‍ക്ക് അഞ്ച് യൂണിറ്റിലേറെ പ്ലേറ്റ്‌ലെ‌റ്റ് ആവശ്യമായി വരും. സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതിലും ഏറെയാണിത്. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും, മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

click me!