അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു

By Web DeskFirst Published Mar 15, 2017, 7:21 AM IST
Highlights

ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 18 മാസത്തെ ജയില്‍വാസത്തിന് ശേഷം കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്‍റെ മോചനം സാധ്യമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ കാര്യം നിയമോപദേശകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള  സാവകാശം തേടിയെന്നാണ് റിപ്പോര്‍ട്ട്.

അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെതുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീപോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ്  2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ പോലീസ് അറസ്റ്റുചെയതത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്‍റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റിലായെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയ്യാറായതോടെയാണ് 18മാസമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് പുരത്തേക്കുള്ള വഴിയൊരുങ്ങുന്നത്.

ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ ജയില്‍ മോചനം എളുപ്പത്തിലാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തെ സമ്മര്‍ധം ചെലുത്തണമെന്നു പറഞ്ഞുകൊണ്ട് സംസ്ഥാനസര്‍ക്കാരിനുനല്‍കിയ അപേക്ഷയില്‍ ഉടന്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.

ഒമാനിലെ അറ്റലസിന്‍റെ രണ്ടു ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഘഡു നല്‍കി ബാങ്കുകളുമായി ഒത്തു തീര്‍പ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രമുഖ വ്യവസായി ബിആര്‍ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍.എം.സി ഗ്രൂപ്പ് ആശുപത്രികളെടുക്കാന്‍ മുന്നോട്ട് വന്നതാണ് ആശ്വാസമായത്. ഈ സാഹചര്യത്തില്‍ രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാനാകുമെന്ന്  ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബാങ്കുകള്‍ ഒത്തു തീര്‍പ്പിനു തയ്യാറായതെന്നാണ് വിവരം. 

എന്നാല്‍ മറ്റു വ്യവസായ പ്രമുഖരോ സ്ഥാപനങ്ങളോ രാമചന്ദ്രനു സാമ്പത്തിക സഹായം നല്‍കാമെന്ന വാഗാധാനം ഇതുവരെ നല്‍കിയിട്ടില്ലെന്നും, ഇതുസംബന്ധിച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ സമവായചര്‍ച്ചകള്‍ക്ക് തടസം നില്‍ക്കുന്നതായും അഭിഭാഷകര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
 

click me!