അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചനം; ജാമ്യം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ കടം വീട്ടാമെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ ഉറപ്പില്‍

By Web DeskFirst Published Jun 10, 2018, 6:52 PM IST
Highlights
  • ഒടുവില്‍ കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയ ഇടപെടലാണ് ജയില്‍മോചനത്തിന് വഴിയൊരുക്കിയത്.

ദില്ലി: അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍  ആറുമാസത്തിനുള്ളില്‍ കടം വീട്ടാന്‍ രാമചന്ദ്രന് ശേഷിയുണ്ടെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയ സാഹചര്യത്തിലാണ് മോചനം സാധ്യമായത്.

കേസ് നല്‍കിയ 23 ബാങ്കുകളില്‍ യൂണിയന്‍ നാഷണല്‍ ബാങ്ക്, ദോഹ ബാങ്ക്, മഷ്റിഖ് ബാങ്കുകള്‍ ഒത്തു തീര്‍പ്പിന് തയ്യാറാവാത്തതാണ് അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍വാസം നീണ്ടുപോകാനിടയാക്കിയത്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും നടത്തിയ ഇടപെടലാണ് ജയില്‍മോചനത്തിന് വഴിയൊരുക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. ബിജെപി നേതാവ് രാം മാധവും ഈ ചര്‍ച്ചകളില്‍ സജീവമായിരുന്നു. 

ജയില്‍ മോചിതനായാല്‍ ആറുമാസത്തിനുള്ളില്‍ രാമചന്ദ്രന് കടംവീട്ടാന്‍ സാധിക്കുമെന്ന് ബാങ്കുള്‍ക്ക്  കേന്ദ്രസര്‍ക്കാര്‍  നേരിട്ട് ഉറപ്പ് നല്‍കി. ഇതോടെ നിലപാടു കടുപ്പിച്ച ബാങ്കുകളും ഒത്തുതീര്‍പ്പിന് വഴങ്ങി. ഫെബ്രുവരിയില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പലിശയടക്കം കൊടുത്തു തീര്‍ക്കാനുള്ള 550 കോടിയില്‍ 225 കോടി ആറുമാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കാമെന്നാണ് ധാരണ. തവണകളായി അടക്കാനുള്ള സൗകര്യവും ബാങ്കുകള്‍ രാമചന്ദ്രന് നല്‍കിയിട്ടുണ്ട്. 

അപ്പോഴും കേസ് നല്‍കിയ പാകിസ്ഥാന്‍ സ്വദേശിയും ഉത്തരേന്ത്യക്കാരനും വീട്ടുവീഴ്ചയ്ക്കിലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഇതേതുടര്‍ന്ന് ജയില്‍ മോചനം നാലുമാസം വീണ്ടും വൈകി. പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്. അങ്ങനെ ശക്തമായ രാഷ്ട്രീയ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് മൂന്ന് വര്‍ഷത്തിനുശേഷം വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനം സാധ്യമായത്.
 

click me!