എടിഎം തട്ടിപ്പിന് പിന്നിൽ രാജ്യാന്തര സംഘം; ചിത്രങ്ങള്‍ പുറത്ത്; അന്വേഷണ സംഘം മുംബൈയിലേക്ക്

By Web DeskFirst Published Aug 8, 2016, 5:08 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന വന്‍ എ ടി എം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര സംഘം. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു വിദേശികളുടേതെന്നു കരുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

അത്യാധുനിക സാങ്കേതിക വിദ്യ ഉപോയോഗിച്ചു കൊണ്ടുള്ള കവര്‍ച്ചയാണ് നടന്നിരിക്കുന്നത്. റഷ്യന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദജ്രീകരിച്ചുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവരം. സ്വിമ്മര്‍ എന്ന സോഫ്റ്റവെയര്‍ എടിഎം കൗണ്ടറില്‍ സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. കൂടാതെ ക്യാമറ സ്ഥാപിച്ച് പിന്‍നമ്പറും മറ്റും ചോര്‍ത്തിയ ശേഷം വ്യാജ കാര്‍ഡുകള്‍ സൃഷ്ടിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഇത്തരം ഉപകരണങ്ങള്‍ കൗണ്ടറില്‍ ഘടിപ്പിക്കുന്ന മൂന്നുപേരുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.

ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ സൈബർ വിദഗ്‍ദര്‍ ഉള്‍പ്പെടെയുള്ള സംഘം അന്വേഷണത്തിനായി മുംബൈയിലേക്ക് തിരിച്ചു . നെറ്റ് ബാങ്ക്, ലോട്ടറി തട്ടിപ്പുകള്‍ തുടങ്ങിയ സമാന സംഭവങ്ങള്‍ അന്വേഷിച്ച വിദഗ്‍ദരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്കൗണ്ടുകളില്‍നിന്നു പണം പോയത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ നിരവധി പേരുടെ അക്കൗണ്ടുകളില്‍നിന്നു പിന്‍വലിച്ചതായി പലര്‍ക്കും മെജെസ് ലഭിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആളുകള്‍ പരാതികളുമായി ബാങ്ക് ശാഖകളിലേക്ക് എത്തുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുംബൈയില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായാണു പലര്‍ക്കും ലഭിച്ചിരിക്കുന്ന മെസെജില്‍ പറയുന്നത്.

തിരുവനന്തപുരം നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിമ്മുകളില്‍ നിന്നാണു പണം പോയത്.
മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലാണു പരാതിക്കാര്‍ ഏറെയും. ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണു സൂചന.
ഇപ്പോഴും നിരവധി ആളുകള്‍ പണം നഷ്ടമായതായി പരാതികളുമായി എത്തുന്നുണ്ട്.

എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും തട്ടിപ്പുകളെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നടന്ന സമാനസംഭവങ്ങളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

click me!