'ഇത് താന്‍ടാ കേരള പൊലീസ്'; എടിഎമ്മിലെ പണവുമായി മുങ്ങിയവരെ രാജസ്ഥാനില്‍ എത്തി പൊക്കിയ കഥ

By Web TeamFirst Published Nov 10, 2018, 2:26 PM IST
Highlights

കഴിഞ്ഞ ഒക്ടോബർ 12 നാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎം തകർത്തു 35 ലക്ഷം രൂപ കവരുന്നത് എടിഎം കൗണ്ടറിന്റെ ഷട്ടർ അടച്ച് കൗണ്ടറിലെ  ക്യാമറകളും പെയിന്റ് ചെയ്തു മറച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കുകയായിരുന്നു പ്രതികളുടെ രീതി. രണ്ടിടത്തും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് മനസിലാക്കാന്‍ പൊലീസിന് അധികം പണിപ്പെടേണ്ടി വന്നില്ല

കൊച്ചി: കേരളത്തില്‍ എത്തി കവര്‍ച്ച നടത്തുക, എന്നിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി തങ്ങി പണം ചെലവഴിക്കുക. അടുത്ത കാലത്ത് കേരളത്തില്‍ നടക്കുന്ന മിക്ക കവര്‍ച്ചകളുടെയും അന്വേഷണം ചെന്ന് നില്‍ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.

ജോലിയുടെ ഭാഗമായി കേരളത്തില്‍ എത്തി മോഷണത്തിന് ശേഷം മുങ്ങുന്നവരെ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കൊച്ചിയെ ഞെട്ടിച്ച് നഗരമധ്യത്തിലും തൃപ്പൂണിത്തുറയിലുമുണ്ടായ കവര്‍ച്ചയും ആക്രമണവും നടത്തിയ സംഘത്തെ തേടിയിറങ്ങിയ പൊലീസിന്‍റെ കഥ മറന്നു തുടങ്ങാനായിട്ടില്ല, അതിന് മുമ്പ് തന്നെ എടിഎം കവര്‍ച്ചയുടെ രൂപത്തില്‍ പൊലീസിന് മുന്നില്‍ അടുത്ത വെല്ലുവിളി എത്തി. അതിനെയും കൃത്യമായ മുന്നൊരുക്കത്തോടെ നേരിട്ട കേരള പൊലീസ്, തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. 

എടിഎം തകര്‍ത്ത കള്ളന്മാര്‍

കഴിഞ്ഞ ഒക്ടോബർ 12 നാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎം തകർത്ത് 35 ലക്ഷം രൂപ കവരുന്നത്. എടിഎം കൗണ്ടറിന്റെ ഷട്ടർ അടച്ച് കൗണ്ടറിലെ  ക്യാമറകള്‍ പെയിന്റ് ചെയ്തു മറച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിക്കുകയായിരുന്നു പ്രതികളുടെ രീതി.

രണ്ടിടത്തും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് മനസിലാക്കാന്‍ പൊലീസിന് അധികം പണിപ്പെടേണ്ടി വന്നില്ല. ഏത് മോഷണം നടന്നാലും പൊലീസ് ഇപ്പോള്‍ ആദ്യം പോകുന്നത് സിസിടിവികള്‍ക്ക് പിന്നാലെയാണ്. ഏത് ഇരുട്ടിലും ഇമ ചിമ്മാതെ പ്രവര്‍ത്തിക്കുന്ന ക്യാമറ കണ്ണുകള്‍ ഇക്കുറിയും പൊലീസിന് തുണയായി. പ്രതികളെ പറ്റിയുള്ള ആദ്യ സൂചനകള്‍ ഇതിലൂടെ ലഭിച്ചു.

ക്യാമറ തുണച്ചു, ഇനി ഫോണിന് പിന്നാലെ

കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ മൂന്ന് ജില്ലകളിലുമായി നടന്ന കവര്‍ച്ച, കവര്‍ച്ച ശ്രമങ്ങളുടെ പിന്നാലെ പാഞ്ഞ പൊലീസ് ഫോണ്‍ രേഖകള്‍ തപ്പിയിറങ്ങി. കോട്ടയത്തും കൊരട്ടിയിലും അന്വേഷണ സംഘം അനുമാനിക്കുന്ന സമയത്ത് ഒരേ ഫോണ്‍ നമ്പര്‍ കണ്ടത്തിയതോടെ ഈ നീക്കത്തിന്‍റെ ആദ്യ ഘട്ടം വിജയമായി.

ആ നമ്പറിന്‍റെ വിവരങ്ങള്‍ തേടിയപ്പോള്‍ റോബിന്‍ എന്ന രാജസ്ഥാന്‍ സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യക്തമായി. പിന്നീട് റോബിനെ തേടി രാജസ്ഥാനിലേക്ക് എത്തിയ അന്വേഷണ സംഘം രാജസ്ഥാന്‍ പൊലീസിന്‍റെ സഹായത്തോടെ നമ്പറിന്‍റെ ഉടമയെ കണ്ടെത്തി. അന്വേഷണത്തില്‍ അല്‍പം തിരിച്ചടി നേരിട്ടത് ഈ ഘട്ടത്തിലാണ്. ഫോണിന്‍റെ ഉമടയായ റോബിന്‍ കേരളത്തിലെത്തിയിട്ടില്ല, മറിച്ച് ഫോണ്‍ മാത്രമാണ് എത്തിയതെന്ന് വ്യക്തമായി.

ഒരു സുഹൃത്താണ് റോബിന്‍റെ ഫോണ്‍ കേരളത്തിലേക്ക് കൊണ്ട് വന്നത്. റോബിനെ വിട്ടയച്ച് പൊലീസ് സംഘം ആ സുഹൃത്തിന് പിന്നാലെ യാത്ര തിരിച്ചു. ആള്‍ ഒളിവിലായതിനാല്‍ ആ നീക്കം വിജയത്തിലെത്തിയില്ല. അപ്പോള്‍ റോബിന്‍റെ ഫോണില്‍ വന്ന കോളുകള്‍ പരിശോധിക്കുകയാണ് പൊലീസ് ചെയ്തത്.

അതില്‍ കൂടുതല്‍ കോളുകള്‍ വന്ന നമ്പറുകള്‍ തേടി പൊലീസ് ഇറങ്ങി. ഇങ്ങനെ സംശയം തോന്നിയ നമ്പറുകളില്‍ അന്വേഷണം നടത്തിയപ്പോള്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചു. ഇതോടെ സിസിടിവിയില്‍ കൃത്യമായി മുഖം പതിഞ്ഞ നസീംഖാന്‍ അന്വേഷണ സംഘത്തിന്‍റെ വലയിലായി.

ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക്...

നസീം ഖാനില്‍ നിന്ന് പൊലീസിന് അറിയേണ്ട വിവരങ്ങള്‍ എല്ലാം ഓരോന്നായി ലഭിച്ചു. ഇയാളുടെ ഫോണ്‍ രേഖകളില്‍ നിന്ന് മറ്റ് പ്രതികളിലേക്ക് എത്താനുള്ള വഴികളും അന്വേഷണ സംഘത്തിന് മുന്നില്‍ തെളിഞ്ഞു. അങ്ങനെ മുഖ്യപ്രതിയായ ഹനീഫിനെ കുറിച്ചും പപ്പി സിംഗിനെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു.

സിസിടിവി ദൃശ്യങ്ങളുമായി ഹരിയാനയിലും രാജസ്ഥാനിലും പൊലീസ് പ്രതികളെ തേടി എത്തി. ബെെക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ പപ്പി സിംഗ് റിമാന്‍ഡിലാണെന്ന് മനസിലാക്കിയതോടെ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

തിരുട്ട് ഗ്രാമത്തേക്കാള്‍ ഭയപ്പെടുത്തുന്ന മേവാത്ത്

തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിനെപ്പറ്റിയുള്ള കഥകള്‍ കേരളത്തിന് സുപരിചിതമാണ്. അതിനെക്കാള്‍ ഭീതിതമായ ഹരിയാന- രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷിക്കര്‍പൂരിലെ മോവാത്തിലാണ് മുഖ്യപ്രതിയായ ഹനീഫിന്‍റെ വീടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഹരിയാന പൊലീസിന് പോലും എത്തിപ്പെടാനാകാത്ത മോവാത്തില്‍ രാജസ്ഥാന്‍ പൊലീസിനെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേരള പൊലീസ് എത്തി. അല്‍പം പ്രയാസപ്പെട്ടെങ്കിലും കൃത്യമായി നടത്തിയ ഓപ്പറേഷനിലൂടെ ഹനീഫും പിടിയിലായി. 

മോഷണത്തിന് പിന്നിലെ വഴികളിലൂടെ

ലോറി ഡ്രൈവർമാരായ  നസീം, അസം, അലിം എന്നിവർ ഒക്ടോബർ മൂന്നിനാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ലോഡ് എടുക്കുന്നത്. ഇവരുടെ നിർദ്ദേശപ്രകാരം ദില്ലിയില്‍ നിന്ന് ഹനീഫ്, പപ്പി, ഷെഹസാദ് എന്നിവർ വിമാന മാർഗം ബംഗളൂരുവിൽ എത്തി.

അങ്ങനെ മൂന്ന് ലോറികളിലായി ഇവര്‍ കേരളത്തിലേക്ക് എത്തി. തുടര്‍ന്ന് കൊല്ലത്തും പത്തനംതിട്ടയിലും ലോഡ് ഇറക്കിയ ശേഷം കോട്ടയത്ത് ഒത്തുചേര്‍ന്നു. മണിപ്പുഴയില്‍ നിന്ന് പിക്ക്അപ്പ് വാന്‍ മോഷ്ടിച്ച ശേഷമാണ് കവര്‍ച്ച നടത്താനായി ഇറങ്ങി. ആദ്യം വെമ്പള്ളിയിലെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

ആളുകള്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ച് മോനിപ്പള്ളിയിലെത്തി. അവിടെയും കൃത്യം നടക്കാത്തതിനാല്‍ കോലഞ്ചേരി വഴി ഇരുമ്പനത്ത് എത്തി. എടിഎമ്മിന്റെ ഷട്ടറുകൾ അടയ്ക്കുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവരുകയുമായിരുന്നു.

ഇതിന് ശേഷം കളമശേരിയില്‍ എത്തിയ പ്രതികളെ കടക്കാര്‍ തിരിച്ചറിഞ്ഞെങ്കിലും അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് രണ്ട് പേര്‍ ലോറിയുമായും ബാക്കിയുള്ളവര്‍ പിക്ക്അപ്പ് വാനുമായും കൊരട്ടിയിലെത്തി കവര്‍ച്ച നടത്തി. തുടർന്ന് ചാലക്കുടിയിൽ എത്തിയ ശേഷം പിക്ക്അപ്പ് വാന്‍ ഉപേക്ഷിച്ച് പണവും, ഗ്യാസ് കട്ടറും മറ്റുമായി പുറകെ വന്ന ലോറിയിൽ കേരളം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇനി പിടികൂടേണ്ടത് മൂന്ന് പ്രതികളെ

പിടികൂടിയ രണ്ട് പ്രതികളെയാണ് ഇപ്പോള്‍ കേരളത്തിലെത്തിച്ചത്. തീഹാര്‍ ജയിലിലുള്ള പപ്പി സിംഗിനെ കേരളത്തിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലുള്ള തൃപ്പൂണിത്തുറ സിഐ ഉത്തംദാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.

ഇനി മൂന്ന് പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവരുടെ സങ്കേതങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ ഇതിനായി രാജസ്ഥാനിലേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എടിഎം കവർച്ചയിൽ നിന്ന് ലഭിച്ച പണം ബംഗളൂരുവിൽ എത്തിയ ശേഷം പങ്കിട്ടെടുത്തു.  പലരും വീടുകളിലിൽ ചെലവഴിക്കുകയും,  കടം വീട്ടി എന്നുമാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

click me!