35 ലക്ഷത്തിന്റെ എടിഎം കവര്‍ച്ച; പ്രതികളായ ഹരിയാന, രാജസ്ഥാന്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു

By Web TeamFirst Published Nov 10, 2018, 1:28 AM IST
Highlights

നാല് ദിവസം മുന്‍പാണ് എടിഎം കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളായ ഹനീഫ്, നസീം അക്ബര്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം രാജസ്ഥാനില്‍ നിന്നും പിടികൂടിയത്.

കൊച്ചി: എടിഎമ്മുകള്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായ രണ്ടുപേരെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ചു. ഹരിയാന സ്വദേശി ഹനീഫ്, രാജസ്ഥാന്‍ സ്വദേശി നസീം എന്നിവരെയാണ് തൃപ്പൂണിത്തുറയില്‍ എത്തിച്ചത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

നാല് ദിവസം മുന്‍പാണ് എടിഎം കവര്‍ച്ചാ കേസിലെ പ്രധാന പ്രതികളായ ഹനീഫ്, നസീം അക്ബര്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം രാജസ്ഥാനില്‍ നിന്നും പിടികൂടിയത്. രാവിലെ ഇവരെ കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. വൈകിട്ടോടെ രണ്ടുപേരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്തത് ഹനീഫ് ആണെന്ന്  പൊലീസ് പറഞ്ഞു. കേസില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളായ പപ്പി സിംഗ് മറ്റൊരു കേസില്‍ തിഹാര്‍ ജയിലിലാണ്. ഇയാളെ 14ന് കേരളത്തില്‍ എത്തിക്കാനായി പ്രൊഡക്ഷന്‍ വാറണ്ട് ലഭിച്ചിട്ടുണ്ട്.

സംഘത്തിലുള്ള രാജസ്ഥാന്‍ സ്വദേശി അലീം, ഹരിയാന സ്വദേശികളായ അസം ഖാന്‍, ഷെഹ്‌സാദ് ഖാന്‍ എന്നിവെ പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ സംഘടിച്ചതിന് ശേഷം വലിയ ട്രക്കുകളിലാണ് സംഘം കേരളത്തിലെത്തിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച് കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്തു. കവര്‍ച്ച ചെയ്ത പണം ആറ് പേരും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അഞ്ച് കേസുകളാണ് ഇവര്‍ക്കെതിരേ എടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പും കൂടുതല്‍ ചോദ്യംചെയ്യലും നടത്താനാണ് പൊലീസിന്റെ നീക്കം.

click me!