
നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിലേക്ക് പകര്‍ത്തിയിട്ടുണ്ടെന്ന് പ്രതി സുനില്‍ കുമാറിന്‍റെ മൊഴി. ഈ ഫോണ്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. നടിയെ സുനില്‍കുമാര് മാത്രമാണ് ഉപദ്രവിച്ചതെന്ന് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരായ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ ദിവസം പ്രതികളില്‍ ചിലര്‍ കാക്കനാടിനടുത്ത് ചിറ്റേത്തുകരയിലെ കടയിലെത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. പത്ത് മിനിട്ട് ഇടവേളയില്‍ രണ്ടു തവണയായി പ്രതി സലീം കടയിലെത്തി. അരമണിക്കൂറോളം വാഹനം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു
സംഭവദിവസം രാത്രി പത്തുമണികഴിഞ്ഞ് ഇരുപത് മിനിട്ടെത്തുമ്പോഴാണ് പ്രതികളിലൊരാളായ വടിവാള്‍ സലിം ഈ കടയിലേക്ക് എത്തുന്നത്. പരിഭ്രമിച്ച മുഖം. കടയുടമ കട അടയ്ക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ബില്ലുകള്‍ പരിശോധിക്കുന്ന ഉടമയോട് സലീം വെള്ളം ചോദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ക്യാഷ് കൗണ്ടറിന്‍റെ ഒരുവശത്തേക്ക് മാറിനിന്ന സലീം പണം നല്‍കുന്നു. ജീവനക്കാരന്‍ നല്‍കിയ വെള്ളം വാങ്ങി തിടുക്കത്തില്‍ പുറത്തേക്ക്.
പിന്നെ പത്തുമിനിട്ട് ഇടവേള. സലീം കടയിലേക്ക് വീണ്ടും കയറിവന്നു. ഇത്തവണ സിഗരറ്റ് വാങ്ങാനായിരുന്നു വരവ്. അപ്പോള്‍ പരിഭ്രമം ഇരട്ടിയായിരുന്നു. സിഗരറ്റ് വാങ്ങി പണം നല്‍കി തിടുക്കത്തില്‍ പുറത്തേക്ക്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ നിര്‍ണായക തെളിവായ ഈ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു കഴിഞ്ഞു. കടയുടമയെ ജയിലെത്തിച്ച് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡും നടത്തി. നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന തെളിവായ മൊബൈാല്‍ ഫോണ്‍ കണ്ടെത്താത്ത പശ്ചാത്തലത്തില്‍ പ്രതികളുടെ സാന്നിധ്യമുറപ്പാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമെന്ന് പൊലീസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam