വീട്ടമ്മയെ മർദ്ദിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

By Web DeskFirst Published Mar 9, 2018, 12:44 PM IST
Highlights
  • ചില്ലറ നല്‍കിയില്ലെന്ന് ആരോപിച്ച് മര്‍ദ്ദനം
  • ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റില്‍

കൊച്ചി: ആലുവയിൽ വീട്ടമ്മയെ മർദ്ദിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് രൂപ ചില്ലറ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍ വീട്ടമ്മയെ മര്‍ദ്ദിച്ചത്. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്‌ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. 

മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാല്‍  500 രൂപയുടെ നോട്ടു നല്‍കി. 

തുടര്‍ന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവര്‍  ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നെന്ന് നീത പറയുന്നു. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍റെ എതിര്‍ദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാന്‍ ശ്രമിച്ചു. നീത ബഹളം വച്ചതോടെ അടുത്തൊരു സ്കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. മര്‍‍ദ്ദനത്തില്‍ അവശയായ നീത എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

click me!